ഹൈദരാബാദ്:നത്തിംഗ് ഫോൺ 3എ സീരീസിൻ്റെ ഡിസൈൻ ഔദ്യോഗികമായി പുറത്തുവിട്ട് നിർമാതാക്കൾ. സ്‌മാർട്ട് ഫോൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ് ഡിസൈൻ പുറത്ത് വന്നിരിക്കുന്നത്. മാർച്ച് 4ന് ഔദ്യോഗികമായി ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യുന്നതായിരിക്കും.
ട്രിപ്പിൾ റിയർ ക്യാമറ ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തിൽ കാണുന്നത്. ക്യാമറയിൽ ഒരു പെരിസ്‌കോപ്പ് ഷൂട്ടറും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നത്തിംഗ് ഫോൺ 3എ സീരീസിൻ്റെ ഡിസൈൻ നത്തിംഗ് ഫോൺ 3എ പ്രോയുടേത് പോലെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നത്തിംഗ് ഫോൺ 3എ സീരീസ്: ഡിസൈൻ
സമൂഹമാധ്യമമായ എക്‌സിലൂടെയാണ് നത്തിംഗ് ഫോൺ 3എ സീരീസിൻ്റെ ഡിസൈൻ നിർമാതാക്കൾ പുറത്തുവിട്ടത്. സ്‌മാർട്ട്‌ഫോണിൻ്റെ മധ്യഭാഗത്തായി വൃത്താകൃതിയിലുള്ള പിൻക്യാമറ എങ്ങനെയിരിക്കുമെന്ന് പോസ്റ്റിലൂടെ കാണിച്ചു തരുന്നു. ക്യാമറ മൊഡ്യൂൾ മൂന്ന് ഗ്ലിഫ് എൽഇഡികളാൽ വൃത്താകൃതിയിൽ ചുറ്റപ്പെട്ടിട്ടുണ്ട്. കൂടാതെ, പിൻ ക്യാമറയുള്ള സ്ഥലത്ത് മൂന്ന് സെൻസറുകളും ഒരു എൽഇഡി ഫ്ലാഷ് യൂണിറ്റും ഉണ്ടെന്ന് പോസ്റ്റിൽ കാണാവുന്നതാണ്.
ഫോണിൻ്റെ ഇരുവശത്തും രണ്ട് ബട്ടണുകളുണ്ട്. ഇത് വോളിയം ബട്ടണും പവർ ബട്ടണുമാകാനാണ് സാധ്യത. ഫോണിൽ ഒരു ആക്ഷൻ ബട്ടണും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ക്യാമറ സെൻസറുകളിൽ ഒന്ന് പെരിസ്‌കോപ്പ് സെൻസറായിരിക്കാനാണ് സാധ്യത. ഗ്ലാസ് ബാക്ക് പാനലാണ് ഫോണിന് ഉണ്ടായിരിക്കുക.
നത്തിംഗ് ഫോൺ 3എ സീരീസിന് ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 50MP പ്രൈമറി റിയർ സെൻസർ, 8MP അൾട്രാ - വൈഡ് സെൻസർ, ഒഐഎസ് പിന്തുണയുള്ള 50എംപി സോണി പെരിസ്കോപ്പ് ക്യാമറ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ഫോണിന് 50എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ടായിരിക്കും.
Also Read:ഇനി മത്സരം കടുക്കും; ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ ഉടനെത്തും, കിടിലന്‍ ഫീച്ചറുകള്‍