ഹൈദരാബാദ്:മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ ഇലക്‌ട്രിക് എസ്‌യുവികളായ BE 6, XEV 9e മോഡലുകളിൽ ടെസ്റ്റ് റൺ നടത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരി. രണ്ട് എസ്‌യുവികളും പരീക്ഷിച്ചതിന് ശേഷം അദ്ദേഹം യാത്രാനുഭവം തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. കാറുകൾ നിതിൻ ഗഡ്‌കരിയുടെ വീട്ടിലെത്തിച്ചായിരുന്നു ടെസ്റ്റ്.
മഹീന്ദ്രയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഗഡ്‌കരിയുടെ ട്വീറ്റ്. "മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ രണ്ട് ഇലക്ട്രിക് കാറുകൾ കണ്ടപ്പോൾ സന്തോഷം തോന്നി. ഓട്ടോമൊബൈൽ വിപണിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇന്ത്യയിലെ കാർ കമ്പനികൾ ആഗോള തലത്തിൽ മത്സരിക്കുന്നത് വളരെ സന്തോഷവും അഭിമാനവുമുള്ള കാര്യമാണ്. ഇലക്‌ട്രിക് വാഹനങ്ങളാണ് രാജ്യത്തിന്‍റെ ഭാവി. ഇലക്‌ട്രിക് കാർ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും."-കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്‌തതിങ്ങനെ. ഗഡ്‌കരിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ട്വീറ്റ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2024 നവംബർ 26നാണ് മഹീന്ദ്ര തങ്ങളുടെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് BE 6, XEV 9e എന്നീ മോഡലുകൾ അവതരിപ്പിക്കുന്നത്. 59 kWh, 79 kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇരുമോഡലുകളും ലഭ്യമാകുക. 175 kW ചാർജറിന്‍റെ സഹായത്തോടെ വെറും 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് ഫീച്ചറാണ് രണ്ട് ഇലക്‌ട്രിക് എസ്‌യുവിയുടെയും പ്രധാന സവിശേഷത.
59kWh ബാറ്ററി പായ്ക്ക് 231 HP പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം, 79 kWh ബാറ്ററി പായ്ക്ക് 286 എച്ച്പി പവറും 380 ന്യൂട്ടൺ മീറ്റർ പീക്ക് ടോർക്കും ആണ് ഉത്‌പാദിപ്പിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും വെറും 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. മഹീന്ദ്ര BE 6e ഒറ്റ ചാർജിൽ 682 കിലോമീറ്ററും XEV 9E ഒറ്റ ചാർജിൽ 656 കിലോമീറ്ററും വരെ സഞ്ചരിക്കും.
രണ്ട് ഇലക്ട്രിക് എസ്‌യുവികൾക്കും മഹീന്ദ്ര ആജീവനാന്ത ബാറ്ററി വാറൻ്റിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. BE 6e മോഡലിന് 18.90 ലക്ഷം രൂപയും XEV 9e മോഡലിന് 21.90 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വില. രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെയും ഡെലിവറി 2025 ഫെബ്രുവരി മുതൽ ആരംഭിക്കും.