മുംബൈ: രാജ്യത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവ്വീസ് മുംബൈയിൽ ആരംഭിച്ചു. എംഎസ്ആർടിസിയുടെ രണ്ട് ഡീസൽ ബസുകളാണ് എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ആക്കി മാറ്റി മുംബൈയിൽ സർവ്വീസ് ആരംഭിച്ചത് (Country’s first LNG bus in Mumbai).
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ബസ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വെള്ളിയാഴ്‌ച (15-03-2024) ഉദ്ഘാടനം ചെയ്‌തു. 5000 ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി എൽഎൻജി ഇന്ധന വാഹനങ്ങളാക്കി മാറ്റുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ പ്രസ്‌താവനയില്‍ പറയുന്നു. 16,000 ബസുകളുടെ മൊത്തം ചെലവിൻ്റെ 34 ശതമാനവും ഡീസലിനാണ്.
ബസുകൾ ഡീസലിൽ നിന്ന് എൽഎൻജിയിലേക്ക് മാറ്റുന്നത് മൂലം മലിനീകരണം 10 ശതമാനം കുറയുകയും ഇന്ധനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. പ്രതിദിനം 60 ലക്ഷത്തോളം യാത്രക്കാരെ എത്തിക്കുന്ന എംഎസ്ആർടിസി സംസ്ഥാനത്തുടനീളമുള്ള 90 ഡിപ്പോകളിൽ എൽഎൻജി വിതരണ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും അറിയിച്ചു (Country’s first MSRTC's LNG buses roll in Mumbai, aim to reduce CO2 emissions, saving on fossil fuels).