ഹൈദരാബാദ്: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇക്യു സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ ഓൾ ഇലക്‌ട്രിക് ജി-വാഗൺ, G580 ഇവി ഇന്ത്യയിൽ അവതരിക്കാനൊരുങ്ങുന്നു. വാഹനം 2025 ജനുവരി 9ന് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ EQG എന്നറിയപ്പെടുന്ന വാഹനം ജി ക്ലാസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. G580 ഇവി ഓഫ്‌റോഡ് ഇഷ്‌ട്ടപ്പെടുന്നവർക്ക് മികച്ച തെരഞ്ഞെടുപ്പായിരിക്കും.
ഫുൾ ചാർജിൽ 473 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ക്വാഡ്-മോട്ടോർ ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന വാഹനം ജി ക്ലാസിന്‍റെ ഇലക്‌ട്രിക് പതിപ്പാണ്. ജി ക്ലാസിന്‍റെ അതേ ഘടന നിലനിർത്തിക്കൊണ്ടാണ് G580 ഡിസൈൻ ചെയ്‌തിരിക്കുന്നത്. എന്നാൽ ഇലക്ട്രിക് എഞ്ചിനിലാണ് പുതിയ മോഡൽ അവതരിപ്പിക്കുക. ഓഫ്-റോഡ് വിസിബിലിറ്റിയും 360-ഡിഗ്രി ക്യാമറയുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. 32 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം ചാർജ്ജ് ചെയ്യാൻ സാധിക്കുന്ന ലിഥിയം-അയൺ ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.
360 ഡിഗ്രി കറങ്ങാൻ സാധിക്കുന്ന ടാങ്ക് ടേൺ അല്ലെങ്കിൽ ജി-ടേൺ എന്ന ഫീച്ചറും വാഹനത്തിലുണ്ട്. ജി ക്ലാസുമായി താരതമ്യം ചെയ്യുമ്പോൾ G580 ഇവിയുടെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരിക്കുന്നത്. ക്ലാഡിംഗിലും ബമ്പറുകളിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബൂട്ടിലെ സ്‌പെയർ വീലിന് പകരം G580 ഇവിയിൽ ചതുരാകൃതിയിലുള്ള സ്റ്റോറേജ് ബോക്‌സ് സ്ഥാപിക്കാനുമാകും. ചാർജിങ് കേബിളുകളും മറ്റും ഇതിൽ സൂക്ഷിക്കാം.
G580 ഇവിയുടെ ഇന്‍റീരിയർ ഡിസൈനിലും ജി ക്ലാസിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളൊന്നുമില്ല. രണ്ട് 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേകൾ G580 ഇവിയുടെ ഡാഷ്ബോർഡിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. ഡാഷ്‌ബോർഡിന്‍റെ ഡിസ്‌പ്ലേയിൽ നൽകിയിരിക്കുന്ന ഇക്യു സ്‌പെസിഫിക് ഗ്രാഫിക്‌സും ത്രീ-ലോക്കിങ് ഡിഫറൻഷ്യൽ സ്വിച്ചുമാണ് ICE മോഡലുകളിൽ നിന്നും കാര്യമായി വ്യത്യാസപ്പെടുന്നത്.