ഹൈദരാബാദ്:ആപ്പിളിന്‍റെഎഐ ഫീച്ചറുകളായ ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്കായി ഐഒഎസ് 18.1 അപ്‌ഡേറ്റ് മുതൽ ലഭ്യമായിരുന്നെങ്കിലും ഇന്ത്യൻ ഇംഗ്ലീഷിനെ പിന്തുണയ്‌ക്കുന്നതായിരുന്നില്ല. തുടക്കത്തിൽ യുഎസ് ഇംഗ്ലീഷും പിന്നീട് യുകെ ഇംഗ്ലീഷുമായിരുന്നു ആപ്പിൾ ഇന്‍റലിജൻസ് പിന്തുണച്ചത്. ഐഒഎസ് 18.4 അപ്‌ഡേറ്റിലൂടെ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഇന്ത്യൻ ഇംഗ്ലീഷ് പിന്തുണയ്‌ക്കുന്ന ആപ്പിൾ ഇന്‍റലിജൻസ് എത്തുമെന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കുന്നത്.
ഏപ്രിലോടെ ഇന്ത്യൻ ഇംഗ്ലീഷ് പിന്തുണയ്‌ക്കുന്ന ആപ്പിൾ ഇന്‍റലിജൻസുമായി ഐഒഎസ് 18.4 അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആപ്പിൾ ഇന്‍റലിജൻസ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഇനി സെറ്റിങ്‌സിൽ ഭാഷ സ്വമേധയാ മാറ്റേണ്ടതില്ല. ഒന്നിലധികം ഭാഷ വകഭേദങ്ങളെ പിന്തുണയ്‌ക്കുന്ന തരത്തിലായിരിക്കും പുതിയ അപ്‌ഡേറ്റ് എത്തുക. സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി ഇത്തരത്തിൽ പ്രാദേശികവത്‌ക്കരിച്ച ഇംഗ്ലീഷ് വകഭേദങ്ങൾ ലഭ്യമാകും. കൂടാതെ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ലളിതവൽക്കരിച്ച ചൈനീസ്, പോർച്ചുഗീസ്, സ്‌പാനിഷ്, ജാപ്പനീസ്, കൊറിയൻ എന്നീ ഭാഷകളിലും ലഭ്യമാവും.
സാധാരണയായി ആപ്പിൾ ഇന്‍റലിജൻസിന്‍റെ ഭാഷ സജ്ജീകരിക്കുന്നതിനായി ആപ്പിൾ ഇന്‍റലിജൻസ് പിന്തുണയ്‌ക്കുന്ന ഐഫോണിന്‍റെ ലാംഗേജ് സെറ്റിങ്‌സ് എടുത്ത് യുകെ ഇംഗ്ലീഷോ യുഎസ് ഇംഗ്ലീഷോ ആയി ക്രമീകരിക്കേണ്ടതുണ്ട്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഇതിന്‍റെ ആവശ്യമില്ലാതാവും.