ഹൈദരാബാദ്: കഴിഞ്ഞ സെപ്‌റ്റംബർ മാസത്തിലാണ് ചൈനീസ് കമ്പനിയായ ഹുവായ് ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് പുറത്തിറക്കുന്നത്. ചൈനയിൽ മാത്രം പുറത്തിറക്കിയ ട്രൈഫോൾഡ് ഫോൺ ഇപ്പോൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായാണ് വിവരം. ഫോൺ ഈ മാസം തന്നെ പുറത്തിറക്കുമെന്നാണ് ഹുവായ് മൊബൈലിന്‍റെ എക്‌സ് പേജിൽ നൽകിയിരിക്കുന്ന ടീസറിൽ നിന്നും വ്യക്തമാകുന്നത്.
ഫെബ്രുവരി 18ന് മലേഷ്യയുടെ തലസ്ഥാന നഗരമായക്വാലലംപൂരിൽ വെച്ച് നടത്തുന്ന ഹുവായുടെ ഗ്രാന്‍റ് ഇവന്‍റിലായിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നും സൂചനയുണ്ട്. ടീസറിൽ ഫോണിന്‍റെ പേര് വ്യക്തമാക്കുന്നില്ലെങ്കിലും 'അസാധാരണമായ ഒരു വെളിപ്പെടുത്തലിന്‍റെ ഭാഗമാകൂ' എന്നാണ് നൽകിയിരിക്കുന്നത്. ഇത് ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റിന്‍റെ ആഗോള ലോഞ്ചിലേക്കാണ് സൂചന നൽകുന്നത്. ആദ്യം മലേഷ്യയിലായിരിക്കും ലോഞ്ച് ചെയ്യുകയെന്നും പിന്നീട് മറ്റ് വിപണികളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ആഗോള തലത്തിൽ പുറത്തിറക്കുന്ന ട്രൈഫോൾഡ് ഫോൺ ചൈനയിൽ പുറത്തിറക്കിയ മോഡലിന് സമാനമായിരിക്കുമോ എന്നത് വ്യക്തമല്ല.
ചൈനീസ് വേരിയന്‍റിന്‍റെ ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: ഫ്ലെക്‌സിബിൾ 10.2 ഇഞ്ച് LTPO OLED ടച്ച്‌സ്‌ക്രീൻ, ഒരു തവണ മടക്കിയാൽ 7.9 ഇഞ്ച് സ്‌ക്രീൻ, മുഴുവൻ മടക്കിയാൽ 6.4 ഇഞ്ച് സ്‌ക്രീൻ
- പ്രൊസസർ:ഹുവാവേയുടെ കിരിൻ 9010 5G പ്രൊസസർ
- ക്യാമറ:ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്‌സൽ ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാവൈഡ് സെൻസർ, 5.5x ഒപ്റ്റിക്കൽ സൂം ഉള്ള 12 മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, സെൽഫിക്കും വീഡിയോ കോളിനുമായി ഫോണിൻ്റെ ഡിസ്‌പ്ലേ പഞ്ച് ഹോളിൽ 8 മെഗാപിക്‌സൽ ക്യാമറ
- ബാറ്ററി, ചാർജിങ്:5,600mAh ബാറ്ററി, 66W ചാർജിങ്, 50W വയർലെസ് ചാർജിങ്
- സ്റ്റോറേജ്:16GB റാം+256GB ഇന്‍റേണൽ സ്റ്റോറേജ്, 16GB +512 GB, 16GB + 1TB എന്നീ വേരിയന്‍റുകൾ
- ഓപ്പറേറ്റിങ് സിസ്റ്റം:ഹാർമണി ഒഎസ് 4.2 ഓപ്പറേറ്റിങ് സിസ്റ്റം
- കണക്റ്റിവിറ്റി: ഡ്യുവൽ നാനോ സിം, 5ജി, വൈ-ഫൈ-6, ജിപിഎസ്, എൻഎഫ്‌സി, യുഎസ്‌ബി 3.1 ടൈപ്പ്-സി
- ഭാരം: 298 ഗ്രാം
- കളർ ഓപ്ഷനുകൾ: ഡാർക്ക് ബ്ലാക്ക്, റൂബി റെഡ്