ഹൈദരാബാദ്:നോക്കിയ ബ്രാൻഡ് ഫോണുകളുടെ നിർമാണത്തിലൂടെ പ്രശസ്‌തരായ എച്ച്എംഡി ഗ്ലോബലിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണായ എച്ച്എംഡി ഫ്യൂഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്വന്തം ബ്രാൻഡ് നെയിമിൽ സ്‌മാർട്ട്‌ഫോണുകൾ ഇറക്കാൻ തുടങ്ങിയ എച്ച്‌എംഡി വ്യത്യസ്‌തമാർന്ന ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് വിപണിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അനേകം ഫീച്ചറുകളടങ്ങുന്ന പുതുപുത്തൻ കെയ്‌സ് സഹിതമാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിന്‍റെ പെർഫോമൻസ് തന്നെ മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള കെയ്‌സ് ആണ് എച്ച്‌എംഡി ഫ്യൂഷൻ ഫോണിന്‍റെ പ്രത്യേകത. 'സ്‌മാർട്ട് ഔട്ട്‌ഫിറ്റ്സ്' എന്ന പേരിൽ പുറത്തിറക്കുന്ന കെയ്‌സുകൾക്ക് ഓരോന്നിനും വ്യത്യസ്‌ത ഫീച്ചറുകളാണ് ഉള്ളത്. ഈ കെയ്‌സുകൾ പ്രത്യേക പിന്നുകൾ ഉപയോഗിച്ച് ഫോണിന്‍റെ പിൻഭാഗത്ത് ഘടിപ്പിക്കാനും ആവശ്യാനുസരണം മാറ്റിയിടാനും സാധിക്കും.
ഉപഭോക്താക്കോളുടെ ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗെയിമിങ് ഔട്ട്‌ഫിറ്റും, മെച്ചപ്പെട്ട സെൽഫികൾക്കായി മടക്കാവുന്ന എൽഇഡി ഫ്ലാഷ് റിങോടു കൂടിയ ഫ്ലാഷി ഔട്ട്‌ഫിറ്റും ഫോണിനൊപ്പം ലഭ്യമാകും. മറ്റ് കസ്റ്റമൈസ്‌ഡ് ഔട്ട്‌ഫിറ്റുകളും ലഭ്യമാണ്. ഫോണിന്‍റെ മറ്റ് ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, സ്‌നാപ്‌ഡ്രാഗൺ 4 Gen 2 SoC പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 108 എംപി പ്രൈമറി സെൻസറോടു കൂടിയ ഡ്യുവൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. മികച്ച ഫോക്കസ് നൽകുന്നതിന് 2 എംപി ഡെപ്‌ത് സെൻസറും നൽകിയിട്ടുണ്ട്.