ഹൈദരാബാദ്: ഉത്സവ സീസൺ കണക്കിലെടുത്ത് പൊളിക്കാൻ കൊടുക്കുന്ന പഴയ വാഹനത്തിന് പകരം പുതിയ വാഹനം വാങ്ങുമ്പോൾ കിഴിവ് നൽകുമെന്ന് പ്രമുഖ വാഹന നിർമ്മാതാക്കൾ. വാഹന നിർമ്മാതാക്കളുടെ പ്രതിനിധികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകി പകരം വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് 1.5 മുതൽ 3 ശതമാനം വരെ കിഴിവ് നൽകുമെന്നാണ് പ്രമുഖ വാണിജ്യ-പാസഞ്ചർ വാഹന നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
കൂടാതെ നിലവിലുള്ള ഡിസ്‌കൗണ്ടുകൾക്ക് പുറമെ മെഴ്‌സിഡസ് ബെൻസിന് ഇന്ത്യ 25,000 രൂപയുടെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുമ്പോൾ ലഭിക്കുന്ന സ്‌ക്രാപ്പേജ് സർട്ടിഫിക്കറ്റ് നൽകുന്നവർക്ക് ആയിരിക്കും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഡിസ്‌കൗണ്ട് അനുവദിക്കുക. പാസഞ്ചർ വാഹന നിർമാതാക്കൾ ഒരു വർഷത്തെ കാലാവധിയിലും വാണിജ്യ വാഹന നിർമാതാക്കൾ രണ്ടു വർഷത്തെ കാലാവധിയിലുമാണ് കിഴിവ് നൽകിയത്.
ഓട്ടോമൊബൈൽ വ്യവസായത്തിലെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. യോഗത്തിൽ പഴയ വാഹനങ്ങൾ ആധുനികവത്‌കരിക്കേണ്ടതിന്‍റെ ആവശ്യകത നിതിൻ ഗഡ്‌കരി ചൂണ്ടിക്കാട്ടിയിരുന്നു. ഡിസ്‌കൗണ്ടുകൾ നൽകുന്നത് വഴി വാഹന ഉടമകൾ പഴയ വാഹനങ്ങൾ പൊളിക്കാൻ തയ്യാറാകുമെന്നും സുരക്ഷിതവും കാര്യക്ഷമവുമായ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഇത് സഹായിക്കുമെന്നും വാഹന നിർമാതാക്കൾ പറയുന്നു. അതേസമയം വാഹന മേഖലയുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
എന്തിന് പൊളിക്കണം:
വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും പാസഞ്ചർ വാഹനങ്ങൾക്ക് 20 വർഷവുമാണ് വാഹനം പൊളിക്കൽ നയമനുസരിച്ചുള്ള കാലാവധി. റോഡ് സുരക്ഷയും മറ്റും കണക്കിലെടുത്ത് കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സ്വമേധയാ വാഹനം പൊളിക്കാനായി മുന്നോട്ട് വരുന്നവരുടെ എണ്ണം കുറവായിരുന്നു. തുടർന്ന് ഏറെകാലത്തെ ചർച്ചയ്‌ക്കൊടുവിലാണ് പഴയ വാഹനങ്ങൾ പൊളിച്ചതിന്‍റെ സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് പുതിയ വാഹനങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകുന്ന കാര്യത്തിൽ തീരുമാനമായത്. പഴയ വാഹനങ്ങൾ പൊളിച്ച് പുതിയവ വാങ്ങുമ്പോൾ സംസ്ഥാനങ്ങൾ റോഡ് നികുതിയിൽ 25 ശതമാനം ഇളവ് നൽകണമെന്നാണ് ചട്ടം.
ആരൊക്കെ കിഴിവ് നൽകും:
പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, കിയ മോട്ടോഴ്‌സ്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഹോണ്ട കാർസ്, ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ, റെനോ ഇന്ത്യ, നിസാൻ ഇന്ത്യ, സ്‌കോഡ ഫോക്‌സ്‌വാഗൺ ഇന്ത്യ എന്നിവർ പുതിയ കാറിൻ്റെ എക്‌സ്-ഷോറൂം വിലയുടെ 1.5 ശതമാനമോ അല്ലെങ്കിൽ 20,000 രൂപയോ (ഇതിൽ ഏതാണോ കുറവ്, അതായിരിക്കും ഡിസ്‌കൗണ്ട് ആയി അനുവദിക്കുക) ഇളവ് നൽകും. ആറ് മാസത്തിനുള്ളിൽ പൊളിച്ച വാഹനങ്ങളുടെ സ്‌ക്രാപ്പ് സെർട്ടിഫിക്കറ്റുമായി വരുന്നവർക്കായിരിക്കും ഡിസ്‌കൗണ്ട്. കമ്പനി തിരിച്ചറിഞ്ഞ മോഡലുകൾക്ക് അധിക കിഴിവുകൾ ലഭിക്കുമെന്നും വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത പാസഞ്ചർ വാഹന നിർമ്മാതാക്കൾക്ക് അവരുടെ പോർട്ട്‌ഫോളിയോക്ക് ഉള്ളിലുള്ള ചില മോഡലുകൾക്ക് ഡിസ്‌കൗണ്ട് പരിധി കൂട്ടാനാകും.
അതേസമയം കാറുകൾ പുതിയത് വാങ്ങാതെ പഴയത് പൊളിക്കാൻ കൊടുക്കുക മാത്രമാണെങ്കിൽ സ്‌ക്രാപ്പേജ് ഡിസ്‌കൗണ്ട് ലഭ്യമാകും. വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വോൾവോ ഐഷർ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഴ്‌സ് മോട്ടോഴ്‌സ്, ഇസുസു മോട്ടോഴ്‌സ്, എസ്എംഎൽ ഇസുസു എന്നിവർ 3.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്ക് എക്‌സ് ഷോറൂം വിലയുടെ 3 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 3.5 ടണ്ണിൽ കുറഞ്ഞ ചരക്ക് വാഹനങ്ങൾക്ക് 1.5 ശതമാനമായിരിക്കും ഡിസ്‌കൗണ്ട്. ബസുകൾക്കും വാനുകൾക്കും ഇളവ് ബാധകമായിരിക്കും.
Also Read: ഉയർന്ന മൈലേജുള്ള ബൈക്കുകൾ തിരയുന്നവരാണോ നിങ്ങൾ? അറിയാം... 90,000 രൂപയിൽ താഴെ വരുന്ന അഞ്ച് മികച്ച മൈലേജ് ബൈക്കുകൾ