ഹൈദരാബാദ്: ഇന്ത്യൻ വാഹനവിപണിയിലേക്ക് പുതിയ ചൈനീസ് ഇലക്‌ട്രിക് എസ്‌യുവി വരുന്നു. ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് (ബിവൈഡി) ആണ് തങ്ങളുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവി അവതരപ്പിക്കാനൊരുന്നത്. സീലയൺ 7 (Sealion 7) എന്ന പേരിൽ പുറത്തിറക്കുന്ന മോഡൽ ജനുവരി 17 ന് നടക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് അവതരിപ്പിക്കുക. അറ്റോ 3, സീൽ, ഇമാക്‌സ് 7 എന്നീ മോഡലുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന ബിവൈഡിയുടെ നാലാമത്തെ വാഹനമായിരിക്കും ഇത്.
ഡിസൈൻ
കിടിലൻ ലുക്കിലാണ് സീലയൺ 7 ഡിസൈൻ ചെയ്‌തിരിക്കുന്നത്. വാഹനത്തിലെ പല ഘടകങ്ങളും ബിവൈഡിയുടെ സീൽ സെഡാനിൽ നിന്നും സീൽ യു മോഡലിൽ നിന്നും കടമെടുത്തതാണ്. കോണീയ ഫ്രണ്ട് ഹെഡ്‌ലാമ്പുകളാണ് ഈ ഇലക്‌ട്രിക് കാറിന് നൽകിയിരിക്കുന്നത്. കൂടാതെ കാറിന്‍റെ താഴെ അറ്റം വരെ നീളുന്നതാണ് ഡിആർഎല്ലുകൾ. ലോ-സ്ലങ് ബോണറ്റ്, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ ഓഷ്യൻ X ഫ്രണ്ട് സ്റ്റൈലിങ് തുടങ്ങിയ നിരവധി ഘടകങ്ങൾ പുതിയ സീലയൺ 7 ഇലക്‌ട്രിക് കാറിന്‍റെ ഡിസൈനിൽ എടുത്തുപറയേണ്ടതായുണ്ട്.
ഇൻ്റീരിയർ
സീലിയൺ 7 ന്‍റെ ഇൻ്റീരിയറിനെ കുറിച്ച് പറയുമ്പോൾ, വാഹനത്തിന്‍റെ ക്യാബിന് ഒരു ഫ്രീസ്റ്റാൻഡിങ് 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമാണ് നൽകിയിരിക്കുന്നത്. എയർ കണ്ടീഷനിങ് വെൻ്റുകൾ ടച്ച്‌സ്‌ക്രീനിന് താഴെയാണ് നൽകിയിരിക്കുന്നത്. ആഗോള വിപണിയിൽ ഈ എസ്‌യുവി ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിങ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, 12 സ്‌പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ലഭിക്കുന്നത്.
സുരക്ഷാ ഫീച്ചറുകൾ
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ മുന്നറിയിപ്പ്, റിയർ കൊളിഷൻ മുന്നറിയിപ്പ്, ഫ്രണ്ട് ക്രോസ്-ട്രാഫിക് അലേർട്ട്, ഫ്രണ്ട് ക്രോസ്-ട്രാഫിക് ബ്രേക്ക്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, റിയർ ക്രോസ്-ട്രാഫിക്, ട്രാഫിക് ബ്രേക്ക് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ ഈ എസ്‌യുവിയിൽ ലഭ്യമാണ്. ലേൻ ഡിപ്പാർച്ചർ വാണിങിനൊപ്പം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ലഭ്യമാകും.