ഹൈദരാബാദ്:ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതും വിശ്വാസം നേടിയെടുത്തതുമായ കമ്പനിയാണ് മാരുതി സുസുക്കി. 2024 ഡിസംബറിലെ കാർ വിൽപ്പനയുടെ കണക്കുകൾ പുറത്തുവിട്ടപ്പോൾ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചതും മാരുതി സുസുക്കിയുടേതായിരുന്നു. 2024 ഡിസംബറിൽ മാത്രം 1,78,248 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇപ്പോൾ പുതുവർഷത്തിലും പുതിയ മോഡലുകളുമായി വിപണി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
സുസുക്കിയുടെ കാറുകൾ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നെങ്കിൽ കുറച്ച് മാസങ്ങൾ കൂടെ കാത്തിരുന്നാൽ പുതിയ ഫീച്ചറുകളും ഡിസൈനുമായെത്തുന്ന 2025 മോഡലുകൾ സ്വന്തമാക്കാനാവും. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര, ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്, 7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയാണ് ഈ വർഷം വരാനിരിക്കുന്നത്. 2025ൽ പുറത്തിറക്കാനിരിക്കുന്ന കമ്പനിയുടെ കാറുകളെക്കുറിച്ച് വിശദമായറിയാം.
മാരുതി സുസുക്കി ഇ-വിറ്റാര:
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര അടുത്തിടെ ഡൽഹിയിൽ വച്ച് നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2025 മാർച്ചിൽ തന്നെ ഇ-വിറ്റാര പുറത്തിറക്കുമെന്നാണ് സൂചന. ഏകദേശം 22 ലക്ഷം രൂപ വരെ ഇ-വിറ്റാരയുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം. ആഗോളതലത്തിൽ, സുസുക്കി ഇ വിറ്റാരയ്ക്ക് 49 കിലോവാട്ട്, 49 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണുള്ളത്. ഇന്ത്യ സ്പെക്ക് ഇ-വിറ്റാര 550 കിലോമീറ്റർ റേഞ്ച് നൽകുമെന്നും പ്രതീക്ഷിക്കാം.
ഇ-വിറ്റാര (ഫോട്ടോ: മാരുതി സുസുക്കി) ഇക്കോ,നോർമൽ, സ്‌പോർട് ഡ്രൈവിങ് മോഡുകൾ, സ്നോ മോഡ്, വൺ-പെഡൽ ഡ്രൈവിങ്, റീജിയൻ മോഡ്, അഡ്‌ജസ്റ്റബിൾ പിൻ സീറ്റുകൾ, 10-വേ പവർ അൺജസ്റ്റബിൾ ഡ്രൈവർ സീറ്റ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇൻഫിനിറ്റി ബൈ ഹാർമാൻ ഓഡിയോ സിസ്റ്റം, ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, മൾട്ടി-കളർ ഇന്‍റീരിയർ ആംബിയന്‍റ് ലൈറ്റിങ് എന്നീ ഫീച്ചരുകൾ കാറിൽ പ്രതീക്ഷിക്കാം.
കൂടാതെ ലെയ്ൻ കീപ്പ് അസിസ്റ്റ് ഉള്ള ലെവൽ-2 ADAS സ്യൂട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 7 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ടയർ പ്രഷർ മോണിറ്റർ,ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, അക്കോസ്റ്റിക് വെഹിക്കിൾ അലാറം സിസ്റ്റം (AVAS), ഓട്ടോ-ഹോൾഡ് ഫങ്‌ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നീ സുരക്ഷ ഫീച്ചറുകളും കാറിൽ പ്രതീക്ഷിക്കാം.
മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് 2025:
ബലേനോ ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പിന്‍റെ പുതുക്കിയ പതിപ്പ് 2025 മാർച്ചിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഡിസൈനിലെ മാറ്റങ്ങൾക്ക് പുറമെ വരാനിരിക്കുന്ന ബലേനോയിൽ ഹൈബ്രിഡ് പവർട്രെയിൻ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. പുതിയ പവർട്രെയിൻ വഭിക്കുകയാണെങ്കിൽ കാറിന്‍റെ ഇന്ധനക്ഷമത വർധിക്കും. വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവയുൾപ്പെടെയുള്ള ഫീച്ചർ അപ്‌ഡേറ്റുകളും കാറിൽ പ്രതീക്ഷിക്കാം.
ബലേനോ (ഫോട്ടോ: മാരുതി സുസുക്കി) 7 സീറ്റർ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര:മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ 7-സീറ്റർ കാർ 2025 ജൂണിൽ പുറത്തിറക്കാനാണ് സാധ്യത. ഏകദേശം 14 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭവിലയിലായിരിക്കും വാഹനമെത്തുക. 3 നിരകളിൽ 7 സീറ്റുമായെത്തുന്ന കാറിനെക്കുറിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയില്ലെഹ്കിലും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രാൻഡ് വിറ്റാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ടെസ്റ്റ് മോഡലിൽ എക്‌സ്റ്റീരിയർ, ഇന്‍റീരിയർ മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്.
ഗ്രാൻഡ് വിറ്റാര (ഫോട്ടോ: മാരുതി സുസുക്കി) മാരുതി സുസുക്കി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്: മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ബ്രെസ്സ. ഇപ്പോൾ ബ്രെസ്സയുടെ മൂന്നാം തലമുറ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2022ലാണ് രണ്ടാം തലമുറ മോഡൽ പുറത്തിറക്കുന്നത്. ഇതിന് ശേഷം ഈ കോംപാക്‌ട് എസ്‌യുവിക്ക് കമ്പനി കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വരാനിരിക്കുന്ന പുതുക്കിയ പതിപ്പിന് ഡിസൈൻ അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും ലഭിക്കും. സ്കോഡ കൈലാഖ്, കിയ സിറോസ് പോലുള്ള കാരുകളുമായി ആയിരിക്കും വരാനിരിക്കുന്ന മോഡൽ വിപണിയിൽ മത്സരിക്കുക.
മാരുതി സുസുക്കി ബ്രെസ്സ (ഫോട്ടോ: മാരുതി സുസുക്കി) സിഎൻജി മോഡിൽ 88 പിഎസും 121.5 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ ഒരു സിഎൻജി ഓപ്ഷനും ഉൾപ്പെടുന്നതാണ് ബ്രെസ്സ 2022 പതിപ്പിന്‍റെ എഞ്ചിൻ. ഇതേ എഞ്ചിൻ പുതുക്കിയ പതിപ്പിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം. 2025 ഓഗസ്റ്റിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത. 8.50 ലക്ഷം രൂപയായിരിക്കും (എക്‌സ്-ഷോറൂം) മാരുതി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് 2025 ന്‍റെ പ്രാരംഭ വിലയെന്നും സൂചനയുണ്ട്.
Also Read:
- മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു: ഇ-വിറ്റാരയുടെ ഫീച്ചറുകളറിയാം
- ബലേനോ വാങ്ങാൻ ഇനി കുറച്ചധികം ചെലവാക്കണം: വിവിധ വേരിയന്‍റുകൾക്ക് വില കൂടി; പുതിയ വില അറിയാം..
- കുതിച്ചുയർന്ന് കാർ വിൽപ്പന: 2024 ഡിസംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പ്രമുഖ കമ്പനികൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ