കേരളം

kerala

ഇരട്ട പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റും എടികെയും; 'ഞായറാഴ്‌ച പോര്' കനക്കും

By

Published : Feb 13, 2021, 9:36 PM IST

ഐഎസ്‌എല്ലിലെ ഞായറാഴ്‌ച പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റും ഈസ്റ്റ് ബംഗാളും വ്യത്യസ്ഥ ടീമുകള്‍ക്കെതിരെ ബൂട്ടണിയും

ഐഎസ്‌എല്ലില്‍ ഇരട്ട പോരാട്ടം വാര്‍ത്ത  നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫില്‍ വാര്‍ത്ത  double fight in isl news  north east in playoff news
ഐഎസ്‌എല്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി ഇരട്ട പോരാട്ടങ്ങള്‍ അരങ്ങ് തകര്‍ക്കും. ഞായറാഴ്‌ച വൈകീട്ട് അഞ്ച് മണിക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്‌സിയും തമ്മിലുള്ള മത്സരത്തോടെയാണ് ഞായറാഴ്‌ച കാഴ്‌ചകള്‍ക്ക് തുടക്കമാകുക. ദുര്‍ബലരായ ഒഡീഷക്കെതിരെ ജയിച്ച് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ഇടക്കാല പരീശീലകന്‍ ഖാലിദ് ജമീലിന്‍റെ ശിഷ്യന്‍മാര്‍ നാളെ ബൂട്ടുകെട്ടുക.

ജയിച്ചാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരുന്ന നോര്‍ത്ത് ഈസ്റ്റിന്‍റെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാകും. ലീഗില്‍ നാല് മത്സരങ്ങള്‍ ശേഷിക്കുന്ന നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നേറുകയാണ്. ഹൈദരാബാദ് എഫ്‌സി ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചതിന്‍റെ ക്ഷീണം ഇത്തവണ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് നോര്‍ത്ത് ഈസ്റ്റ്.

മറുഭാഗത്ത് പുതിയ പരിശീലകന്‍റെ കീഴില്‍ ഏറെ പ്രതീക്ഷയോടെയാണ് ഒഡീഷ എഫ്‌സിയുടെ മുന്നേറ്റം. ജെറി പൈറ്റണ് കീഴില്‍ മൂന്നാമത്തെ പോരാട്ടത്തിന് ഇറങ്ങുന്ന ഒഡീഷ കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില സ്വന്തമാക്കിയുന്നു. ഇരു ടീമുകളും രണ്ട് വീതം ഗോള്‍ അടിച്ച് പിരിഞ്ഞ മത്സരത്തില്‍ ഒഡീഷക്ക് വേണ്ടി ഡിയേഗോ മൗറിഷ്യോ ഇരട്ട ഗോള്‍ സ്വന്തമാക്കിയിരുന്നു.

ജംഷഡ്‌പൂര്‍ എഫ്‌സി ലീഗിലെ അടുത്ത മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ നേരിടും. ഞായറാഴ്‌ച രാത്രി 7.30നാണ് പോരാട്ടം. ഇതിനകം പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയ എടികെ മോഹന്‍ ബഗാന്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ ഫിജിയന്‍ മുന്നേറ്റ താരം റോയ്‌ കൃഷ്‌ണയാണ് എടികെയുടെ മുന്നേറ്റത്തെ നയിക്കുന്നത്. പ്രതിരോധ നിരയെ ഇന്ത്യന്‍ താരം സന്ദേശ് ജിങ്കനും നയിക്കുന്നു.

ഗോള്‍ വല കാക്കുന്ന ഭട്ടാചാര്യയും എടികെയുടെ കരുത്താണ്. എല്ലാത്തിനും പുറമെ കഴിഞ്ഞ തവണ കിരീടം നേടിക്കൊടുത്ത പരിശീലകന്‍ ഹെബാസിന്‍റെ തന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍ എടികെയെ നേരിടാന്‍ ജംഷഡ്‌പൂരിന് പതിനെട്ടടവും പയറ്റേണ്ടിവരും.

ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ജംഷഡ്‌പൂര്‍ എഫ്‌സി നാളെ ഇറങ്ങുക. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കുന്ന ജംഷഡ്‌പൂരിന് പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ സജീവമാക്കാന്‍ വരാനിരിക്കുന്ന മണിക്കൂറിലെ ജയം അനിവാര്യമാണ്. 16 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയ വാല്‍സ്‌കിസാണ് ജംഷഡ്‌പൂരിന്‍റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.

ABOUT THE AUTHOR

...view details