കേരളം

kerala

എസിസി, അംബുജ സിമന്‍റ്‌സ്‌ സ്വന്തമാക്കാനൊരുങ്ങി അദാനി; 31,000 കോടിയുടെ ഓപ്പൺ ഓഫർ അവതരിപ്പിച്ചു

By

Published : Aug 26, 2022, 2:14 PM IST

ഓഹരികളുടെ ടെൻഡറിങ് ഇന്ന് മുതൽ സെപ്‌റ്റംബർ 9 വരെയാണ്. എസിസി, അംബുജ സിമന്‍റ്‌സ്‌ ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് 31,000 കോടിയുടെ ഓപ്പൺ ഓഫറാണ് അവതരിപ്പിച്ചത്.

Adani launches  ACC  Ambuja Cements  31000 crore open offer  ഹോൾസിം ​ഗ്രൂപ്പ്  അംബുജ സിമന്‍റ്സ്  എസിസി ലിമിറ്റഡ്  ഓഹരികളുടെ ടെൻഡറിങ്  അദാനി ഗ്രൂപ്പ്  31000 കോടിയുടെ ഓപ്പൺ ഓഫർ  അംബുജ സിമന്‍റ്‌സ്‌  എസിസി  അദാനി
എസിസി, അംബുജ സിമന്‍റ്‌സ്‌ സ്വന്തമാക്കാനൊരുങ്ങി അദാനി; 31,000 കോടിയുടെ ഓപ്പൺ ഓഫർ അവതരിപ്പിച്ചു

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സിമന്‍റ് നിർമാതാക്കളായ ഹോൾസിം ലിമിറ്റഡിന്‍റെ ഇന്ത്യയിൽ ലിസ്‌റ്റ് ചെയ്‌ത രണ്ട് സ്ഥാപനങ്ങളായ അംബുജ സിമന്‍റ്‌സിന്‍റെയും (Ambuja Cements) എസിസിയുടെയും (ACC Ltd) ഓഹരികൾ സ്വന്തമാക്കാൻ ഓപ്പൺ ഓഫറുമായി അദാനി. 26 ശതമാനം ഓഹരികൾ പൊതു ഓഹരി ഉടമകളിൽ നിന്ന് വാങ്ങിക്കാനാണ് നീക്കം. അദാനി ഗ്രൂപ്പ് 31,000 കോടിയുടെ ഓപ്പൺ ഓഫർ അവതരിപ്പിച്ചു.

ഓഹരികളുടെ ടെൻഡറിങ് ഇന്ന്(26.08.2022) ആരംഭിച്ചു. സെപ്‌റ്റംബർ 9 ന് അവസാനിക്കും. മാർക്കറ്റ് റെഗുലേറ്ററായ സെബി കഴിഞ്ഞ ആഴ്‌ച കമ്പനിയുടെ ഓപ്പൺ ഓഫറിന് അനുമതി നൽകിയിരുന്നു. ഓപ്പൺ ഓഫർ പൂർണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കിൽ ഇത് 31,000 കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.

മെയ് മാസത്തിൽ, ഹോൾസിം ലിമിറ്റഡിന്‍റെ ഇന്ത്യയിലെ ബിസിനസുകളിൽ 10.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ച് അതിന്‍റെ നിയന്ത്രിത ഓഹരികൾ സ്വന്തമാക്കാനുള്ള കരാർ ഒപ്പിട്ടതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അദാനി ഗ്രൂപ്പിന്‍റെ മൗറീഷ്യസ് ആസ്ഥാനമായുള്ള സ്ഥാപനമായ എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്‌റ്റ്‌മെന്‍റ് ആരംഭിച്ച ഓപ്പൺ ഓഫറിനായി അംബുജ സിമന്‍റ്‌സും എസിസിയും ഓഫറുകളുടെ കത്ത് സമർപ്പിച്ചതായി കമ്പനികൾ രണ്ട് വ്യത്യസ്‌ത റെഗുലേറ്ററി ഫയലിംഗുകളിലൂടെ അറിയിച്ചിരുന്നു.

ഓപ്പൺ ഓഫറിന്‍റെ മാനേജർമാരായ ഐസിഐസിഐ സെക്യൂരിറ്റീസും ഡച്ച് ഇക്വിറ്റീസ് ഇന്ത്യയും സമർപ്പിച്ച പുതുക്കിയ ഷെഡ്യൂൾ പ്രകാരമാണ് ഓഫറിലെ ഓഹരികളുടെ ടെൻഡറിങ് നടക്കുന്നത്. അദാനി ഗ്രൂപ്പും ഹോൾസിമും തമ്മിലുള്ള ഓഹരി വാങ്ങൽ കരാർ നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ ഓപ്പൺ ഓഫർ ആരംഭിച്ചത്. ഈ ഇടപാടിന്‍റെ ഭാഗമായി അംബുജ സിമന്‍റ്‌സിന്‍റെ 63.1 ശതമാനം ഓഹരികളും അനുബന്ധ ആസ്‌തികളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.

അംബുജയുടെ പ്രാദേശിക ഉപസ്ഥാപനങ്ങളിലാണ് എസിസി ലിമിറ്റഡ് ഉൾപ്പെടുന്നത്. അംബുജ സിമന്‍റ്‌സിനും എസിസിക്കും നിലവിൽ പ്രതിവർഷം 70 ദശലക്ഷം ടൺ സ്ഥാപിത ഉത്‌പാദന ശേഷിയാണ് ഉള്ളത്. ഏകദേശം 9.6 ബില്യൺ ഡോളറിന്‍റെ വിപണി മൂല്യമാണ് അംബുജയ്‌ക്കുള്ളത്, ഹോൾഡറിൻഡ് ഇൻവെസ്‌റ്റ്‌മെന്‍റ് ലിമിറ്റഡ് വഴി അംബുജയിൽ 63.1 ശതമാനം ഓഹരിയാണ് ഹോൾസിം കൈവശം വച്ചിരിക്കുന്നത്. എസിസി ലിമിറ്റഡിൽ ഹോൾഡറിൻഡ് ഇൻവെസ്‌റ്റ്‌മെന്‍റ്‌ വഴി 4.48 ശതമാനം ഓഹരിയും കൈവശം വച്ചിട്ടുണ്ട്.

ഹോൾസിം ​ഗ്രൂപ്പ്:നിർമാണ സാമഗ്രികൾ നിർമിക്കുന്ന സ്വിസ് ബഹുരാഷ്‌ട്ര കമ്പനിയാണ് ഹോൾസിം ലിമിറ്റഡ്. 70 ഓളം രാജ്യങ്ങളിൽ ഹോൾസിം ​ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. 72,000 ഓളം ജീവനക്കാരും കമ്പനിയുടെ ഭാ​ഗമായിട്ടുണ്ട്. സിമന്‍റ്, അഗ്രഗേറ്റുകൾ, റെഡി-മിക്‌സ് കോൺക്രീറ്റ്, പ്രീകാസ്റ്റ് കോൺക്രീറ്റ്, അസ്‌ഫാൽറ്റ്, മോർട്ടാർ, മറ്റ് നിർമാണ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ഉത്‌പന്നങ്ങൾ കമ്പനി നിർമിക്കുന്നുണ്ട്.

അംബുജ സിമന്‍റ്‌സ്‌: 1983ൽ സ്ഥാപിതമായ അംബുജയ്‌ക്ക്‌ 31 ദശലക്ഷം മെട്രിക് ടൺ സിമന്‍റ് ശേഷിയുണ്ട്. ഇന്ത്യയിൽ ആറ് സംയോജിത നിർമാണ പ്ലാന്‍റുകളും എട്ട് സിമന്‍റ് ഗ്രൈൻഡിങ് യൂണിറ്റുകളും അംബുജക്ക് ഉണ്ട്. 2006 മുതലാണ് ഹോൾസിമുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.

എസിസി ലിമിറ്റഡ്:ഇന്ത്യയിലെ ഏറ്റവും വലിയ സിമന്‍റ് ഉത്‌പാദകരിൽ ഒന്നാണ് എസിസി ലിമിറ്റഡ്. 1936 ഓഗസ്‌റ്റ് 1-ന് മഹാരാഷ്‌ട്രയിലെ മുംബൈയിലാണ് കമ്പനി സ്ഥാപിച്ചത്.

ABOUT THE AUTHOR

...view details