ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനിഷ് സിസോദിയയെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ വിട്ട് കോടതി. 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്ന ഇ.ഡി ആവശ്യം പരിഗണിച്ച കോടതി എന്നാല്‍ മാര്‍ച്ച് 17 വരെയാണ് കസ്റ്റഡി അനുവദിച്ചത്. മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍ വച്ചാണ് സിസോദിയ വാങ്ങിയതെന്നറിയിച്ചായിരുന്നു ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഇ.ഡി 10 ദിവസത്തെ കസ്റ്റഡി ആവശ്യമുന്നയിച്ചത്.
കുറ്റപ്പെടുത്തലിന്റെ നീണ്ട ലിസ്റ്റുമായി ഇ.ഡി:ഇതിന് പിന്നിലെ കാരണം തിരിച്ചറിയാനും സമന്‍സ് അയച്ച മറ്റുള്ളവരോട് കാര്യങ്ങള്‍ തിരക്കാനും 10 ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കേസില്‍ ചോദ്യം ചെയ്ത മറ്റുള്ളവരില്‍ നിന്ന് വൈരുദ്ധ്യമായ മറുപടികളാണ് സിസോദിയയില്‍ നിന്ന് ലഭിക്കുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. വിജയ് നായര്‍ ഉള്‍പ്പടെയുള്ളവരെ ഏകോപിപ്പിച്ച് മദ്യനയം രൂപീകരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.ഡി അറിയിച്ചു. മൊത്തവ്യാപാരികള്‍ക്ക് അസാധാരണമായ ലാഭം കൊയ്യാന്‍ വേണ്ടിയാണ് മദ്യനയം കൊണ്ടുവന്നതെന്നും ഇ.ഡി വ്യക്തമാക്കി. മാത്രമല്ല മൊത്തവ്യാപാരികളുടെ 12 ശതമാനം ലാഭവിഹിതം സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണെന്ന് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ.ഡി കോടതിയില്‍ കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ 'രാഷ്ട്രീയത്തിലും' ചുറ്റി:വിജയ് നായരും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ.കവിതയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ.ഡി കോടതിക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു. മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനിഷ് സിസോദിയയും കെ.കവിതയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടായിരുന്നുവെന്ന് പ്രതിയായ ബുച്ചിബാബു ഗോരന്ത്ലയെ ചോദ്യം ചെയ്തപ്പോള്‍ മനസിലായെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം കവിതയുടെ മുന്‍ ഓഡിറ്ററായ ബുച്ചിബാബു നിലവില്‍ കേസില്‍ ജാമ്യത്തിലാണ്.