തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണം; ഇടുക്കിയില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ - Idukki wild Animal Attack
🎬 Watch Now: Feature Video
Published : Feb 29, 2024, 5:51 PM IST
ഇടുക്കി: ജില്ലയില്‍ വന്യജീവി ആക്രമണം തുടരുന്നതില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍. വിഷയത്തില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ നിരാഹാര സമരം മൂന്നാം ദിനമായ ഇന്നും തുടരുകയാണ്. വന്യജീവി ആക്രമണം പതിവായതോടെ ഇതിനെതിരെ ഇടുക്കി രൂപത പ്രമേയം പാസാക്കി. സംസ്ഥാന സർക്കാരിനും രാഷ്ട്രീയ നേതാക്കള്‍ക്കും പ്രമേയത്തിൽ വിമർശനമുണ്ട്. ആളുകളുടെ ജീവൻ നഷ്‌ടപ്പെട്ടിട്ടും അധികാരികൾ നിസംഗത കാട്ടുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. കപട പരിസ്ഥിതി വാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തിന് അപമാനമാണ്. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡിഎഫ് ഒക്കെതിരെയും പ്രമേയത്തില്‍ പരാമർശം ഉണ്ട്. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരമുഖത്ത് സജീവമാകുമെന്നും പ്രമേയത്തിലൂടെ രൂപത മുന്നറിയിപ്പ് നൽകി. വന്യജീവി ആക്രമണങ്ങൾ വർധിക്കുകയും മനുഷ്യ ജീവനുകൾ നഷ്‌ടമാവുകയും ചെയ്യുമ്പോൾ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് ഇടുക്കി രൂപത മെത്രാൻ ജോൺ നെല്ലിക്കുന്നേൽ കുറ്റപ്പെടുത്തി. സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കെതിരെ സർക്കാർ മുഖം തിരിക്കുന്ന നടപടിയെങ്കിൽ ജില്ലയിലാകെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ഇടുക്കി ഡിസിസി പറഞ്ഞു.