ആനപ്പേടിയില്‍ ചിന്നക്കനാല്‍; കാടിറങ്ങിയ 'ചക്കക്കൊമ്പന്‍' വയോധികനെ ആക്രമിച്ചു - വയോധികന് ഗുരുതര പരിക്ക്
🎬 Watch Now: Feature Video
Published : Jan 22, 2024, 9:56 PM IST
ഇടുക്കി: ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ ചിന്നക്കനാൽ ബിയൽറാം സ്വദേശിയായ കർഷകന് ഗുരുതര പരിക്കേറ്റു. വെള്ളക്കല്ലിൽ സൗന്ദർരാജന് (68) ആണ് പരുക്കേറ്റത്. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്കു മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദരാജന്‍റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. സൗന്ദർ രാജന്‍റെ മകളുടെ മകൻ റെയ്‌സനും കൃഷിയിടത്തിൽ ഉണ്ടായിരുന്നു. സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്‌സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദർരാജനെ രക്ഷപ്പെടുത്തി റോഡിൽ എത്തിച്ചത്. നെഞ്ചിൽ ഗുരുതര പരുക്കേറ്റ സൗന്ദർരാജന്‍റെ രണ്ട് കൈകളും ഒടിഞ്ഞിട്ടുണ്ട്. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 8 നാണ് ബിയൽറാമിന് സമീപം പന്നിയാറിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ പരിമളം (44) കൊല്ലപ്പെട്ടത്.