കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് കണ്ണൂര്‍ അറയ്ക്കല്‍ കൊട്ടാരം. സ്‌ത്രീജനങ്ങളാണ് ഇവിടെ ഭരണം കയ്യാളിയിരുന്നത്. ഭരണകാര്യത്തില്‍ മാത്രമായിരുന്നില്ല അറയ്ക്കല്‍ ബീവിമാര്‍ നിപുണരായിരുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും ഇവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിലും ഇവര്‍ തത്പരരായിരുന്നു. ഇടവേളകള്‍ ഉല്ലാസകരമാക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമായി അറയ്ക്കല്‍ ബീവിമാര്‍ എത്തിയിരുന്ന സ്ഥലമാണ് ധര്‍മ്മടം തുരുത്ത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അറബിക്കടലും അഞ്ചരക്കണ്ടി പുഴയും സംഗമിക്കുന്ന ധര്‍മ്മടം അഴിമുഖത്ത് നിന്ന് അല്‍പം മാറി കടലിനകത്ത് സഞ്ചാരികള്‍ക്ക് കൗതുകമായി നിലകൊള്ളുന്ന ഇടമാണിത്. അറക്കല്‍ ബീവി തോണികയറി ഈ പച്ചത്തുരുത്തിലേക്ക് എത്തുമായിരുന്നു. അവര്‍ക്ക് കയറാന്‍ പാകത്തില്‍ ഇവിടെ കല്‍പ്പടവുകളുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആറേക്കറോളം വിസ്‌തൃതിയുണ്ട് ധര്‍മ്മടം തുരുത്തിന്. അറയ്ക്കല്‍ രാജവംശത്തിന്‍റെ കയ്യില്‍ നിന്ന് ചൊവ്വക്കാരന്‍ കേയീ താവഴിയുള്ളവരുടെ കൈവശം ധര്‍മ്മടം തുരുത്ത് എത്തുകയും അവരില്‍ നിന്് പാറപ്പുറം പാത്തൂട്ടിയില്‍ എത്തിച്ചേരുകയും ചെയ്‌തു. ഏറ്റവും ഒടുവില്‍ കാപ്പാടന്‍ ബാപ്പുവില്‍ ഇത് എത്തിച്ചേര്‍ന്നു. ബാപ്പുവിന്‍റെ പിന്‍മുറക്കാരില്‍ നിന്ന് 1997 ലാണ് വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഇത് ഏറ്റെടുത്തത്.
എന്നാല്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ശാപമോക്ഷം കാത്ത് കഴിയുകയാണ് ധര്‍മ്മടം തുരുത്ത്. വിനോദസഞ്ചാരരംഗത്ത് ഈ മനോഹര തുരുത്തിനെ അടയാളപ്പെടുത്താന്‍ ഇനിയും അധികൃതര്‍ക്കായിട്ടില്ല. ഏറ്റെടുക്കുമ്പോള്‍ കേരള ടൂറിസം വകുപ്പ് ഓഷ്യാനേറിയം, റോപ്പ് വേ, ഹെര്‍ബല്‍ പാര്‍ക്ക് എന്നീ മോഹന വാഗ്‌ദാനങ്ങളായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ കാലമിത്രയായിട്ടും ഒന്നും നടപ്പാക്കാനായിട്ടില്ല.
ധര്‍മ്മടം തീരത്തു നിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് തുരുത്തിന്‍റെ കിടപ്പ്. ഇവിടേക്ക് പോകാന്‍ ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ല. കടലിലെ വേലിയിറക്കവും വേലിയേറ്റവും നോക്കിവേണം ഇവിടെ കയറാനും ഇറങ്ങാനും. വേലിയിറക്കമുള്ള സമയത്ത് കാല്‍പ്പാദം മുങ്ങും വരെ മാത്രമേ ഇവിടെ വെള്ളമുണ്ടാകൂ. എന്നാല്‍ വേലിയേറ്റ സമയത്ത് അപകടസാധ്യത ഏറെയാണ്. അങ്ങനെയിവിടെ നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുമുണ്ടത്രേ. അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ തുരുത്തില്‍ കയറാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളിക്കും കാലങ്ങളുടെ പഴക്കം.
പ്രകൃതി കലിതുള്ളിയപ്പോള്‍ കരയില്‍ നിന്ന് ഭിന്നിച്ച് പോയ ഭാഗമാണ് ധര്‍മ്മടം തുരുത്തെന്നാണ് കരുതുന്നത്. തുരുത്തിനുചുറ്റും കാവല്‍ക്കാരെന്ന പോലെ കരിമ്പാറക്കൂട്ടങ്ങള്‍ നില കൊള്ളുന്നു. അപൂര്‍വ ഇനം സസ്യജാലങ്ങളുടെ കലവറ കൂടിയാണ് ഈ തുരുത്ത്. നീലക്കൊടുവേലി, താന്നി, നഞ്ച്, ആമക്കഴുത്ത് തുടങ്ങിയ ചെടികള്‍ ഇവിടെ സമൃദ്ധമായുണ്ട്.
എങ്കിലും സഞ്ചാരികള്‍ക്ക് ഈ തുരുത്ത് നിരാശയാണ് സമ്മാനിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കും വിധം തുരുത്തിനെ മാറ്റിയെടുക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങളടക്കം ഒരുക്കണമെന്നും ആവശ്യമുയരുന്നു. കണ്ണൂരില്‍ നിന്ന് പതിനൊന്നു കിലോമീറ്ററും തലശേരിയില്‍ നിന്ന് ആറു കിലോമീറ്ററുമാണ് ധര്‍മ്മടം തുരുത്തിലേക്കുള്ള ദൂരം.
Also Read: ധർമ്മടം കടലോരത്ത് ഇനി കല്യാണ മേളവും ഒരുങ്ങും; വരുന്നൂ ഡസ്റ്റിനേഷന്‍ വെഡിങ് സെന്‍റർ ഇനി മലബാറിലും