ഭുവനേശ്വർ: ഒഡിഷയിലെ സൂര്യ ക്ഷേത്രത്തെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. നിഗൂഢതകളുടെ പറുദീസയായ കൊണാര്‍ക്കിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രമുള്ളത്. അതുല്യമായ വാസ്‌തുശിൽപ ചാതുരി കൊണ്ട് വിസ്‌മയിപ്പിക്കുന്ന അതിന്‍റെ ഘടന കൊണ്ടും പ്രശസ്‌തമാണ് കൊണാർക്കിലെ സൂര്യക്ഷേത്രം.
'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ മറികടക്കുന്നു', രവീന്ദ്രനാഥ ടാഗോര്‍ ഒരു ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ അന്വര്‍ഥമാക്കും വിധം വിസ്‌മയാവഹമാണ് കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന്‍റെ നിർമാണം. കൊണാര്‍ക്ക് എന്നാല്‍ സൂര്യന്‍റെ ദിക്ക് എന്നാണ് അര്‍ഥം, സപ്‌താശ്വങ്ങൾ വലിക്കുന്ന സൂര്യരഥം! കിഴക്ക് ഉദിച്ച സൂര്യന്‍റെ ക്ഷേത്രം എന്നും ബ്ലാക്ക് പഗോഡ എന്നും കൊണാര്‍ക്കിലെ സൂര്യക്ഷേത്രം അറിയപ്പെടുന്നുണ്ട്.
നരസിംഹദേവന്‍ ഒന്നാമന്‍ എന്ന ഗാംഗേയ രാജാവ് പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഇന്ത്യയിലെ സപ്‌താത്ഭുതങ്ങളില്‍ ഒന്നായി ഇത് പരിഗണിക്കപ്പെടുന്നു. ഏഴ് കുതിരകള്‍ വലിക്കുന്ന മനോഹരമായ ഒരു രഥത്തിന്‍റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിന്‍റെ നിർമാണം. നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ക്ഷേത്രത്തിന്‍റെ സങ്കീർണമായ കൊത്തുപണികളും വാസ്‌തുവിദ്യാ വൈഭവവും സമാനതകളില്ലാത്തതാണ്.
കൊണാർക്കിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ: കൊണാർക്ക് സൂര്യ ക്ഷേത്രത്തിന് പിന്നിൽ ഇന്നും ഉത്തരം കിട്ടാത്ത പല നിഗൂഢതകളും മറഞ്ഞിരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ക്ഷേത്രം ഇത്രയും സവിശേഷമായ രൂപത്തിൽ നിർമിച്ചത്? ഈ ക്ഷേത്രം പണിയുന്നതിനാവശ്യമായ കൂറ്റൻ കല്ലുകൾ എവിടെ നിന്ന് ലഭിച്ചു? ആധുനിക ഉപകരണങ്ങൾ ഇല്ലാതെ എങ്ങനെയാണ് ഇത്രയും മനോഹരമായി ഈ ക്ഷേത്രം നിർമിച്ചത്? ഇന്നും ഈ ചോദ്യങ്ങൾ സാധാരണ സന്ദർശകരിലും ഗവേഷകരിലും കൗതുകമുണർത്തുന്നതാണ്. ഇതെല്ലാം ഇന്നും ചുരുളഴിയാത്ത രഹസ്യമായി തന്നെ തുടരുകയാണ്.
'കൊണാർക്ക്' എന്ന പേരിന്‍റെ ഉത്ഭവം: 'കൊണാർക്ക്' എന്ന പേര് സംസ്‌കൃത പദങ്ങളായ കോണ (കോൺ), അർക (സൂര്യൻ) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാചി നദിയുടെയും ബംഗാൾ ഉൾക്കടലിന്‍റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ പുരാതന തുറമുഖ നഗരം ഒരിക്കൽ 'കോംഗാർ' എന്നാണ് അറിയപ്പെട്ടിരുന്നത്. പാശ്ചാത്യ നാവികർ ഈ നഗരത്തെ 'ബ്ലാക്ക് പഗോഡ' എന്നാണ് വിളിച്ചിരുന്നത്.
ഒഡിഷയുടെ വാസ്‌തുവിദ്യ പ്രതിഭയുടെ മൂർത്തീഭാവമാണ് കൊണാർക്ക് സൂര്യക്ഷേത്രം. കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രത്തിന്‍റെ നിർമാണം. ഉദയ സൂര്യന്‍റെ പ്രകാശ രശ്‌മികള്‍ പ്രധാന വിഗ്രഹത്തിന്‍റെ മൂര്‍ധാവില്‍ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്‍റെ നിർമാണം.
കലിംഗ ശൈലിയിൽ നിർമിച്ച ഈ ക്ഷേത്രത്തിന് ആദ്യകാലങ്ങളിൽ 229 അടി ഉയരമുണ്ടായിരുന്നു. ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്. സൂര്യദേവന്‍റെ പൂജാ വിഗ്രഹം പ്രതിഷ്‌ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. 1200 ഓളം പേര്‍ 12 വര്‍ഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ക്ഷേത്രത്തിന്‍റെ ഭാഗങ്ങൾ കാലക്രമേണ ജീർണിച്ചെങ്കിലും അതിജീവിക്കുന്ന ഭാഗങ്ങൾ ഇന്നും സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
ഭാരതീയ ശിൽപകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. സൂര്യദേവൻ ആകാശത്തിലൂടെയുള്ള യാത്രയുടെ പ്രതീകമായി ഏഴ് കുതിരകൾ വലിക്കുന്ന രഥമായാണ് ക്ഷേത്രം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രഥത്തിന്‍റെ ഇരു വശങ്ങളിലും പന്ത്രണ്ട് ചക്രങ്ങള്‍ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്‌തുത എന്തെന്നാൽ, ഈ ചക്രങ്ങളുടെ നിലത്ത് വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്.
രഥം ക്ഷേത്രത്തെ കിഴക്കോട്ട് വലിക്കുകയും ആഴ്‌ചയിലെ ഏഴ് ദിവസങ്ങളെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പന്ത്രണ്ട് മാസത്തെ പ്രതിനിധീകരിക്കുന്ന കൊത്തുപണികളുള്ള 24 ചക്രങ്ങൾ രഥത്തിന്‍റെ നാലുഭാഗത്തും കാണാനാകും.
ഉദയസൂര്യന്‍റെ കിരണങ്ങൾ പ്രവേശന കവാടത്തിലൂടെ കടന്നുവന്ന് പ്രധാന പ്രതിഷ്‌ഠയുടെ നടുവിൽ പതിച്ചിരിക്കുന്ന വജ്രത്തിൽ തട്ടി പ്രതിഫലിക്കുന്ന വിധത്തിൽ കിഴക്കോട്ടാണ് ക്ഷേത്രത്തിന്‍റെ ദർശനം ഒരുക്കിയിട്ടുളളത്. പ്രധാന ക്ഷേത്രത്തിന് പുറമെ ചുറ്റിലുമായി 22 ഉപക്ഷേത്രങ്ങളുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിൽ മൂന്ന് തരം കല്ലുകൾ ഉപയോഗിച്ചു:
• മുഗുനി കല്ല്: ദേവന്‍റെ ചിത്രത്തിനും സിംഹാസനത്തിനും.
• ലാറ്ററൈറ്റ് കല്ല്: അടിസ്ഥാന ഘടനകൾക്കായി.
• ഖൊണ്ടലൈറ്റ് കല്ല്: ക്ഷേത്രത്തിന്‍റെ ബാഹ്യവും സങ്കീർണവുമായ കൊത്തുപണികൾക്കായി.
ക്ഷേത്രത്തിന്‍റെ ചുമർശിൽപങ്ങളും നിർമാണ ചരിത്രവും ഐതിഹ്യവും: ക്ഷേത്രത്തിലെ ചുമര്‍ ശിൽപങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, യക്ഷികള്‍, പുരാണ കഥാസന്ദര്‍ഭങ്ങള്‍, ഗന്ധര്‍വന്മാര്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവ കാണാം. പ്രധാന ക്ഷേത്രത്തിന്‍റെ ചുറ്റിലുമായി അടിഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശിൽപങ്ങളുമുണ്ട്. വാത്സ്യായന മഹര്‍ഷിയുടെ കാമ ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്‌ടകള്‍ ഇവിടെ ശിൽപങ്ങളായി കാണാനാകും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്‌മതയോടെയാണ് ക്ഷേത്രത്തിലെ ഓരോ ശിൽപവും നിര്‍മിച്ചിരിക്കുന്നത്.
യുദ്ധം, വേട്ടയാടൽ, ന്യായ വ്യവഹാര രംഗങ്ങൾ, എന്നിവ സ്ഥാനം പിടിച്ചിരിക്കുന്ന ക്ഷേത്രത്തിലെ ചേതോഹരമായ ശിൽപങ്ങളിൽ നിന്ന് ആർക്കും കണ്ണെടുക്കാൻ സാധിക്കില്ല. ക്ഷേത്രത്തിന്‍റെ പ്രധാന വാസ്‌തുശിൽപിയായ ബിസു മഹാറാണയുടെയും ശിൽപികളുടേയും നൈപുണ്യമുള്ള കരകൗശല വൈദഗ്‌ധ്യം സങ്കീർണമായ കൊത്തുപണികൾ എടുത്തുകാണിക്കുന്നു.
ഐതീഹ്യം: 1200 ശിൽപികളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കൃത്യസമയത്ത് ക്ഷേത്രം പൂർത്തിയാക്കിയത് ബിസു മഹാറാണയുടെ 12 വയസുള്ള മകൻ ധർമപാദനാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്‍റെ നിർമ്മാണം വൈകുന്നതിൽ അസ്വസ്ഥനായ രാജാവ് സമയബന്ധിതമായി ക്ഷേത്രം പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ തൊഴിലാളികളുടെയും തലവെട്ടുമെന്ന് ഉത്തരവിട്ടിരുന്നു. പിതാവിനേക്കാൾ വൈദഗ്‌ധ്യവും കാര്യപ്രാപ്‌തിയുമുള്ള ധർമപാദൻ ആ ജോലി ഏറ്റെടുത്തു.
സംഭവം ഇങ്ങനെ: ക്ഷേത്ര ശിൽപികളുടെ കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പേര് ബിഷു മഹാറാണയുടെതാണെങ്കിലും ബിഷുവിന്‍റെ പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള മകൻ ധർമപാദന്‍റെ ബുദ്ധിവൈഭവവും ശാസ്‌ത്രവും വാസ്‌തുവിദ്യയും ഒത്തുചേർന്ന സാമർഥ്യമാണ് ചരിത്രത്താളുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ബിഷുവിന്‍റെ നേതൃത്വത്തിലുളള സൂര്യക്ഷേത്ര നിർമാണം പലപ്പോഴും ദുർഘടമായിരുന്നു. പല ദിക്കുകളിൽ നിന്നുമായി എത്തിക്കുന്ന കൂറ്റൻ പാറക്കല്ലുകൾ ഉറപ്പുനോക്കി വേണം തരംതിരിച്ച് ശിൽപികൾക്ക് നൽകാൻ.
പാറകൾ ആവശ്യമനുസരിച്ചുളള ആകൃതിയിലാക്കുവാൻ ഒരു വിഭാഗം പണിയാളർ. അളവുകൾക്ക് ഒത്തിണങ്ങിയ ശിൽപങ്ങൾ ഉണ്ടാക്കുന്ന ശിൽപികളുടെ നിര വേറേ. ശാസ്‌ത്രവും വാസ്‌തുവിദ്യയും ഇഴ ചേർന്നുളള ക്ഷേത്രനിർമാണ പ്രക്രിയയിൽ ഊണും ഉറക്കവുമില്ലാതെ ബിഷു മഹാറാണ ഓടി നടന്നു. ഇതിനിടയിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ ധൃതി കൂട്ടൂന്ന രാജസദസിലെ പ്രധാനികളുടെ എഴുന്നളളിപ്പും കോലാഹലങ്ങളും അദ്ദേഹത്തെ അലട്ടി.
രാജാവിനേക്കാൾ കർക്കശമായി പെരുമാറുന്നവരുടെ ചോദ്യങ്ങൾ പലപ്പോഴും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബിഷുവിനെ അങ്കലാപ്പിലാക്കിയിരുന്നു. കാലം അങ്ങനെ നീങ്ങി. വെയിലും മഴയും മഞ്ഞും വകവയ്ക്കാതെ ശിൽപികൾ ക്ഷേത്ര നിർമാണത്തിന്‍റെ ഓരോ ഘട്ടത്തിലും അർപ്പണത്തോടെ നിന്നു. അങ്ങനെ 12 വർഷങ്ങളുടെ അവസാനമടുത്തു. ബിഷു രാജാവിന് നൽകിയ വാക്ക് പാലിക്കാനുളള സമയവുമായി. അങ്ങകലെ, ബിഷു മഹാറാണയുടെ പ്രിയതമയും പുത്രനും അദ്ദേഹത്തിന്‍റെ വിവരങ്ങൾ അറിയാതെ കാത്തിരുന്ന് നിരാശരായി.
അതേസമയം ധർമപാദൻ ഗർഭാവസ്ഥയിലായിരിക്കെയാണ് രാജാവിന്‍റെ കൽപനപ്രകാരം, ബിഷു മഹാറാണ സൂര്യക്ഷേത്ര നിർമാണത്തിന് യാത്ര പറഞ്ഞിറങ്ങുന്നത്. അങ്ങനെയിരിക്കെയാണ് പന്ത്രണ്ടാം വയസിൽ ധർമപാദന് പിതാവിനെ കാണാൻ ആഗ്രഹമുണ്ടാകുന്നത്. ഗത്യന്തരമില്ലാതെ, അമ്മ പിതാവിന്‍റെ അടുക്കലേക്ക് പോകാൻ മകനെ അനുവദിച്ചു. അങ്ങനെ, നീണ്ട യാത്രയ്‌ക്കൊടുവിൽ ധർമപാദൻ പിതാവിനെ കാണാനെത്തി.
ഏറെ ദൂരങ്ങൾ താണ്ടി പിതാവിന്‍റെ സമീപമെത്തിയ ധർമപാദൻ കാണുന്നത്, ക്ഷേത്ര നിർമാണത്തിൽ ആകുലനായി നെട്ടോട്ടമോടുന്ന പിതാവിനെയാണ്. പിതാവിനെ കാണാൻ കഴിഞ്ഞ സന്തോഷ നിമിഷങ്ങളേക്കാൾ ധർമപാദൻ പ്രാധാന്യം കൽപിച്ചത് പിതാവിന്‍റെ ആശങ്കയ്ക്കാണ്.
തന്‍റെ ആകുലതകൾ പിതാവ് പുത്രനോട് പറഞ്ഞു. ‘സൂര്യക്ഷേത്രത്തിന്‍റെ മുകളിലെ കിരീടം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അടുത്ത ദിവസത്തെ സൂര്യോദയത്തിന് മുമ്പ് പ്രധാന ദൗത്യം പൂർത്തിയാക്കിയില്ലെങ്കിൽ 1,200 കരകൗശല വിദഗ്‌ധരെ വധിക്കുമെന്നാണത്രേ രാജകൽപന.’ ഏറേ ചിന്തിച്ചപ്പോൾ പിതാവ് ഉൾപ്പെടെയുളള ശിൽപികളുടെ ദൗത്യം അസാധ്യമാണെന്ന് തോന്നിയെങ്കിലും ധർമപാദൻ ഒറ്റയ്ക്ക് അത് പൂർത്തിയാക്കാൻ തീരുമാനിച്ചു.
കൊണാർക്കിലെത്തിയ ധർമപാദൻ ആദ്യം നിരീക്ഷിച്ചത് കാന്തിക ശക്തിയാൽ രൂപപ്പെടുന്ന വാസ്‌തുശിൽപ രീതികളെയാണ്. പിതാവിനൊപ്പമുളള കൂടിക്കാഴ്‌ചയിൽ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെല്ലാം ധർമപാദൻ ചോദിച്ച് മനസിലാക്കി. സൂര്യവിഗ്രഹത്തിന്‍റെ ശിരോവസ്‌ത്രത്തിൽ ഒരു വലിയ വജ്രം ഉറപ്പിച്ചിട്ടുണ്ടെന്നും പുലർച്ചെ, ആദ്യപ്രഭാത രശ്‌മികൾ നാട്യമന്ദിറിലൂടെ പ്രാർഥന ഹാളിന്‍റെ കോസ്‌മിക് വാതിലുകളിൽ പ്രവേശിച്ച്, ഹെഡ് ഗിയറിൽ വജ്രത്തിൽ പതിക്കയും ക്രമേണ ശ്രീകോവിൽ മുഴുവൻ പ്രകാശിക്കുകയും ചെയ്യുന്ന തരത്തിലാണ് ബിഷു മഹാറാണ ക്ഷേത്രത്തിലെ ജഗമോഹനും നാട്യ മന്ദിറും രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് മകനോട് പറഞ്ഞു.
'സൂര്യദേവൻ വായുവിൽ തങ്ങിനിൽക്കുകയും പകലിന്‍റെ വിവിധ സമയങ്ങളിൽ സൂര്യരശ്‌മികൾ ശ്രീകോവിലിൽ പ്രകാശത്തിന്‍റെ മിന്നുന്ന ദൃശ്യം സൃഷ്‌ടിക്കുകയും ചെയ്യും.' തന്‍റെ പിതാവിന്‍റെ മനോഹരമായ ഈ വാസ്‌തുവിദ്യാ ചാതുരി എല്ലാ അർഥത്തിലും ശ്രദ്ധിക്കപ്പെടണമെന്ന് ധർമപാദൻ ചിന്തിച്ചു.
'കാന്തിക സൂര്യദേവൻ വായുവിൽ നേരിയ ചരിവില്ലാതെ ഒരു സന്തുലിതാവസ്ഥയിൽ കുറ്റമറ്റരീതിയിൽ എത്തിക്കണം."അവന്‍റെ അറിവും സാമർഥ്യവും സൂക്ഷ്‌മമായ നിരീക്ഷണങ്ങളും ഇതിനകം തന്നെ മറ്റ് ശിൽപികളിലും എത്തി. ചിലർ അതിനെ വാഴ്ത്തുകയും മറ്റു ചിലർ അവനെയും പിതാവിനേയും പരിഹസിക്കുകയും ചെയ്‌തു.
'കേവലം ഒരു ബാലൻ ഇത്രയും വലിയ കാര്യങ്ങൾക്കൊക്കെ മുതിർന്നോ?' ചോദ്യശരങ്ങളുമായി ശിൽപികൾ ബിഷുവിന് മുന്നിലെത്തി. തല പോകുന്ന കാര്യമാണ്, നിതാന്ത ജാഗ്രത വേണം. 12 വർഷം പൂർത്തിയാകാൻ പോകുന്ന ആ രാത്രിയിൽ ആരും ഉറങ്ങിയില്ല.
നേരം പുലരുന്നതിനിടെ അവർ ആ അദ്ഭുത വാർത്തയറിഞ്ഞു. തങ്ങൾക്കുപകരം ഒരു ബാലൻ ക്ഷേത്രത്തിന്‍റെ അവസാന പണി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ആദ്യം ആശ്വാസമായി തോന്നിയെങ്കിലും ചിന്തിച്ചപ്പോൾ അതിലെ തെറ്റും ശരിയും അവരെ ആശങ്കയിലാഴ്ത്തി.
കാലങ്ങളോളം ശിൽപ വൈഭവം തീർത്ത് കീർത്തി നേടിയവരെ മറികടന്ന് കേവലം 12 വയസുള്ള ബാലനാണ് ക്ഷേത്രത്തിന്‍റെ ദുർഘടമായ നിര്‍മാണം പൂർത്തിയാക്കി വിജയിച്ചതെന്ന് രാജാവ് അറിഞ്ഞാൽ അത് പണിയെടുത്ത ശിൽപികൾക്കെല്ലാം നാണക്കേടാണ്. പ്രധാന ശിൽപിയായ ബിഷു മഹാറാണയുടെ സത്‌പേരും ഇതോടെ ഇല്ലാതാവും. അതുകൊണ്ട് ധർമപാദനെ തന്ത്രം മെനഞ്ഞ് വധിക്കുക. സഹശിൽപികളുടെ ഈ കുശാഗ്ര നീക്കത്തെ ബിഷു ശക്തമായി എതിർത്തു.
കീർത്തി കേട്ട പിതാവിനെ പിന്തളളി പുത്രൻ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. അപഹാസ്യനാവുന്ന സ്വന്തം പിതാവിന്‍റെ മനസ് ആ ബാലൻ വായിച്ചെടുത്തു. അവനൊടുവിൽ ഒരു തീരുമാനമെടുക്കുന്നു. രാജകിങ്കരന്മാരുടെ വാൾമുനയിൽ നിന്ന് പിതാവിന്‍റെയും കരകൗശലക്കാരുടേയും സുരക്ഷ ഉറപ്പാക്കണം. പിന്നീട് ഒന്നും ചിന്തിച്ചില്ല ധർമപാദൻ ഉദയത്തിന് മുമ്പുതന്നെ ക്ഷേത്രഗോപുരത്തിലെത്തി. താഴെ കടൽ പതിവില്ലാത്ത വിധം ഇരമ്പുന്നു. തിരമാലകൾ തന്നെ വഹിക്കാനെത്തുന്നതു പോലെ അവന് തോന്നി. മാനത്തെ കറുത്തിരിണ്ട നക്ഷത്രങ്ങൾ ദയാവായ്പോടെ അവനെ നോക്കി. അവൻ സൂര്യദേവനെ മനസുകൊണ്ട് വന്ദിച്ചു. കാറ്റിനെ കീറിമുറിച്ചുകൊണ്ട് അവന്‍റെ ശരീരം അതിവേഗത്തിൽ താഴേക്ക് പതിച്ചു. പിതാവ് അപഹാസ്യനാകാതിരിക്കാൻ അവൻ ജീവത്യാഗം ചെയ്‌തു.
ക്ഷേത്രം നേരിട്ട വെല്ലുവിളികൾ: കൊണാർക്ക് സൂര്യക്ഷേത്രത്തിന്‍റെ ചരിത്രം രേഖപ്പെടുത്തപ്പെട്ട വസ്‌തുതകളുടെയും കെട്ടുകഥകളുടെയും സമന്വയമാണ്. സൂര്യദേവന്‍റെ മൂന്ന് ഭാവങ്ങള്‍ (ഉദയം, മധ്യാഹ്നം, അസ്‌തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്‍റെ മൂന്ന് ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു.
കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്‍റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കൊണാര്‍ക്കിന്‍റെ പരിസരങ്ങളില്‍ കാണാത്ത പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
സമുദ്രത്തില്‍ നിന്നും വീശുന്ന ഉപ്പ് കാറ്റ് ഈ ശിലാ സൗധത്തെ കാര്‍ന്നു തിന്നുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഈ ക്ഷേത്രം അതിന്‍റെ മഹത്വത്തിന്‍റെയും ആഢംബരത്തിന്‍റെയും പൂര്‍ണതയില്‍ എത്രനാള്‍ നിലകൊണ്ടിരുന്നെന്നോ അതിന്‍റെ തകര്‍ച്ചയുടെ കാരണങ്ങള്‍ എന്താണെന്നോ ആര്‍ക്കും വ്യക്തമായ അറിവില്ല.
ഗംഭീരമായ ഈ ക്ഷേത്രത്തിന്‍റെ പതനത്തെ കുറിച്ച് പണ്ഡിതന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചില ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം സൂര്യക്ഷേത്രത്തിന് മുകളില്‍ ഒരു കാന്തികപ്രഭാവമുള്ള കല്ലുണ്ടായിരുന്നു. അതിന്‍റെ കാന്തിക സ്വാധീനം കാരണം കൊണാര്‍ക്ക് ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ വഴി തെറ്റി സഞ്ചരിക്കുകയും നശിക്കുകയും ചെയ്‌തിരുന്നത്രെ.
അതായത് കാന്തികപ്രഭാവമുള്ള ഈ കല്ലിന്‍റെ സ്വാധീനം കാരണം കപ്പലുകള്‍ക്ക് ദിശ കാണിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള കോമ്പസ് പ്രവര്‍ത്തനരഹിതമായി. കപ്പിത്താന്മാര്‍ക്ക് തങ്ങളുടെ കപ്പലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയാതെയായി. അതിനാല്‍ കപ്പല്‍ വഴി തെറ്റാതിരിക്കാന്‍ കടല്‍ കടന്നെത്തിയ കച്ചവടക്കാര്‍ സൂര്യക്ഷേത്രത്തില്‍ നിന്നും കാന്തികപ്രഭാവമുള്ള കല്ല് എടുത്തുകളഞ്ഞു.
ക്ഷേത്രഭിത്തിയിലെ എല്ലാ കല്ലുകളും സന്തുലിതമായി നിലനിര്‍ത്തുന്ന കേന്ദ്ര കല്ലായി ക്ഷേത്രത്തിലെ ഈ കാന്തികപ്രഭാവമുള്ള കല്ല് പ്രവര്‍ത്തിച്ചിരുന്നു. കാന്തിക മണ്ഡലം തകര്‍ന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു. ഈ വാദത്തിന് ശാസ്‌ത്രീയമായ അടിത്തറയോ മറ്റ് തെളിവുകളോ ഇല്ല.
ക്ഷേത്രത്തിന്‍റെ ഭൂരിഭാഗവും നാശത്തിലാണെങ്കിലും അക്കാലത്തെ വാസ്‌തുശില്‌പികളുടെയും ശിൽപങ്ങളുടെയും കലാപരമായ പ്രതിഭയെ അത് ഇന്നും പ്രതിഫലിപ്പിക്കുന്നുണ്ട്. നാശത്തിന്‍റെ വക്കിലുള്ള ക്ഷേത്രസമുച്ചയത്തെ താങ്ങി നിര്‍ത്താന്‍ നിരവധി പരിശ്രമങ്ങള്‍ ഇന്നും നടക്കുന്നുണ്ട്.
Also Read: സ്‌ത്രീത്വം ആഘോഷിക്കുന്ന ക്ഷേത്രം; കാമാഖ്യയുടെ ചരിത്രവും ഐതിഹ്യവും