ഇന്ത്യയില്‍ പ്രചാരത്തിലുള്ള ധാന്യങ്ങളില്‍ പ്രധാനിയാണ് റാഗി. നമ്മള്‍ മലയാളികള്‍ക്കും ഏറെ സുപരിചതം. കാഴ്‌ചയില്‍ ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ആള്‍ അത്ര നിസാരക്കാരനല്ല. മണിച്ചിത്രത്താഴ് സിനിമയിലെ തിലകന്‍റെ കഥാപാത്രം പറയുന്ന ഡയലോഗ് കടമെടുത്താല്‍ 'ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നുണു'.
ചെറിയ കുട്ടികള്‍ക്ക് കുറുക്കുണ്ടാക്കുന്നതിനപ്പുറം പലപ്പോഴും നമ്മുടെ റാഗി വിഭവം നീളാറില്ല. പഞ്ഞപ്പുല്ല്, കൂവരഗ്, മുത്താറി എന്നൊക്കെ അറിയപ്പെടുന്ന, ഗുണത്തില്‍ തനി രാവണന്‍ തന്നെയായ റാഗി പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കാത്സ്യം, അയണ്‍, കൊഴുപ്പ്, വിറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ലേവിന്‍, നിയാസിന്‍, ഫോസ്‌ഫറസ് എന്നിവയാല്‍ സമ്പന്നമാണ്. റാഗി കൊണ്ടുള്ള ചില ഈസി വിഭവങ്ങള്‍ പരിചയപ്പെടാം...
- റാഗി പൊറോട്ട :
മൈദ, ഗോതമ്പു പൊടി എന്നിവ കൊണ്ടുള്ള പൊറോട്ടകള്‍ വളരെ സുപരിചിതമാണ്. ഇത്തരത്തില്‍ റാഗി കൊണ്ടും പൊറോട്ട തയ്യാറാക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം : റാഗി പൊടി ആവശ്യാനുസരണം എടുത്ത് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴക്കുക. അല്‍പം നെയ്യോ എണ്ണയോ ചേര്‍ക്കുന്നത് മാവ് മൃതുവാകാന്‍ സഹായിക്കും. നന്നായി കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. പാന്‍ ചൂടാക്കി നെയ്യ് തടവി ചുട്ടെടുക്കാവുന്നതാണ്.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് റാഗി പൊറോട്ട. അല്‍പം വ്യത്യസ്‌തത വരുത്താന്‍ ആലുപൊറോട്ടയുടെ ഫില്ലിങ് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ആലു ഫില്ലിങ് ചേര്‍ത്ത് തയ്യാറാക്കുന്ന പൊറോട്ട ആലു റാഗി പൊറോട്ട എന്നാണ് അറിയപ്പെടുന്നത്.
- റാഗി ദോശ :
അരി ദോശയെക്കാള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് റാഗി ദോശ. റാഗി പൊടി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശ മാവിന്‍റെ പരിവത്തില്‍ ഇളക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പ്, അല്‍പ്പം എണ്ണ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാന്‍ ചൂടാക്കി ചുട്ടെടുത്ത് ചൂടോടെ കഴിക്കാവുന്നതാണ്. രുചി കൂട്ടുന്നതിനായി മാവ് തയ്യാറാക്കുമ്പോള്‍ സവാള, മല്ലിയില എന്നിവ വളരെ ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്.
ഈ റെസിപ്പി വളരെ ഈസിയാണെങ്കിലും റാഗി ദോശ മറ്റൊരു രീതിയിലും തയ്യാറാക്കാവുന്നതാണ്. അതിനായി, റാഗി (200 ഗ്രാം), ഉഴുന്ന് പരിപ്പ് (50 ഗ്രാം), ഉലുവ (1 ടീസ്‌പൂണ്‍), ചോറ് (2 ടേബിള്‍ സ്‌പൂണ്‍) എന്നീ ചേരുവകളാണ് ആവശ്യം.
തയ്യാറാക്കുന്ന വിധം : റാഗി കഴുകി മൂന്ന് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുക. ഉഴുന്ന്, ഉലുവ എന്നിവയും രണ്ടു മണിക്കൂര്‍ കുതിര്‍ക്കണം. കുതിര്‍ത്ത ശേഷം റാഗി, ഉഴുന്ന്, ഉലുവ, ചോറ് എന്നിവ നന്നായി അരച്ചെടുക്കണം. അരച്ചെടുത്ത മാവ് പുളിപ്പിക്കുന്നതിനായി 12 മണിക്കൂര്‍ മാറ്റിവയ്‌ക്കണം. പുളിച്ച ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചുട്ടെടുക്കാം. റാഗി ദോശയ്‌ക്കൊപ്പം സാമ്പാറോ ചട്‌നിയോ കൂട്ടി കഴിച്ചാല്‍ പിന്നെ മറ്റെന്തുവേണം.
- റാഗി കുറുക്ക് :
കുട്ടികള്‍ക്ക് സാധാരണയായി കൊടുക്കുന്ന ഭക്ഷണമാണ് റാഗി കുറുക്ക്. എന്നാല്‍ ഇതില്‍, വീട്ടില്‍ സാധാരണയായി കാണുന്ന ചില ചേരുവകള്‍ കൂടി ചേര്‍ത്താല്‍ മുതിര്‍ന്നവര്‍ക്കും ഇഷ്‌ടപ്പെടുന്ന മികച്ചൊരു റാഗി വിഭവം തയ്യാറാക്കാം.
റാഗി പൊടി അല്‍പം അധികം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് നന്നായി കുറുക്കിയെടുക്കണം. കുറുകി വരുമ്പോള്‍ ആവശ്യത്തിന് മധുരം ചേര്‍ക്കാം. ഇതിനായി ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്. ശര്‍ക്കര ഉരുകിയതിന് പിന്നാലെ തേങ്ങാപാല്‍ ചേര്‍ത്ത് ഇളകക്കുക. ഈ സമയം ലോ ഫ്ലെയ്‌മില്‍ വയ്‌ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടോ മൂന്നോ ഏലയ്‌ക്ക കൂടി പൊടിച്ച് ചേര്‍ത്താല്‍ സ്വാദൂറുന്ന മറ്റൊരു റാഗി വിഭവം തയ്യാര്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- റാഗി ബിസ്‌കറ്റ് :
വെറും 20 മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്‌ടമാണ് കുക്കികളാണ് റാഗി കുക്കീസ്. മുക്കാല്‍ കപ്പ് റാഗി പൊടി, കാല്‍ കപ്പ് ഗോതമ്പ് പൊടി, രണ്ടോ മൂന്നോ ടേബിള്‍ സ്‌പൂണ്‍ പാല്‍, അര ടീസ്‌പൂണ്‍ വാനില എസെന്‍സ്, ഒരു ടേബിള്‍ സ്‌പൂണ്‍ കൊക്കോ പൗഡര്‍, അര ടീസ്‌പൂണ്‍ ബേക്കിങ് പൗഡര്‍, പഞ്ചസാര, വെണ്ണ എന്നിയാണ് ചേരുവകള്‍.
റാഗി പൊടി, ഗോതമ്പ് പൊടി, കൊക്കോ പൗഡര്‍ എന്നിവ നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത ചേരുവകള്‍ നന്നായി കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഉരുക്കിയ വെണ്ണയും വാനില എസന്‍സും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള ഉരുളകളാക്കി ചെറുതായി പരത്തി കുക്കി ട്രേയില്‍ ക്രമീകരിക്കുക. ഇത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.
Also Read: മത്തങ്ങയുണ്ടോ വീട്ടിൽ ? മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം സിമ്പിള്‍ ടേസ്റ്റി കറി