കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പാര്‍ന്ന തേയില കാടുകള്‍. സഥാ വീശിയടിക്കുന്ന കുളിര്‍ക്കാറ്റ്. അതിനൊപ്പം എങ്ങോട്ടൊന്നില്ലാതെ താണിറങ്ങുന്ന കോട. തേയില കാടുകള്‍ക്ക് ഇടയില്‍ നിന്നും വെള്ളി കൊലുസുപോലെ ഒലിച്ചിറങ്ങുന്ന ചെറു വെള്ളച്ചാട്ടങ്ങള്‍.... പ്രകൃതി ഭംഗി തുളുമ്പുന്ന ഒരിടം. അത് മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം ഇടുക്കി.
മനോഹാരിത കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നയിടം. ഒന്നോ രണ്ടോ അല്ല നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഇത്തരത്തില്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച ഒരിടമാണ് കൊച്ചി -ധനുഷ് കോടി ദേശീയപാത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കിലോമീറ്ററുകളോളം നീണ്ട് കിടക്കുന്ന തേയില കാടുകള്‍ക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത. പ്രകൃതി സൗന്ദര്യം കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ഒരിടം. ഈ പാതയിലൂടെയുള്ള സഞ്ചാരം കണ്ണിനെ മാത്രമല്ല മനസിനെയും ഏറെ വിസ്‌മയിപ്പിക്കും. കുളിര്‍ക്കാറ്റേറ്റ് ഏറെ ദൂരം സഞ്ചരിച്ച് പെരിയകനാല്‍ ജങ്‌ഷനിലെത്തിയാല്‍ ഏത് വണ്ടിയും ഒന്ന് ബ്രേക്കിടും. ഇതിന് കാരണമാകട്ടെ തേയില ഫാക്‌ടറിയില്‍ നിന്നുള്ള നല്ല ചൂട് ചായയുടെ ഗന്ധമാണ്.
ദേശീയപാതയോരത്തിൻ്റെ മറ്റിടങ്ങളായ ലോക്കാട് വ്യൂ പോയിൻ്റിലും ഗ്യാപ് റോഡിലെ നിരവധി ഇടങ്ങളിലും ചായയുടെ രുചി നുകരാൻ സൗകര്യമുണ്ട്. കൊളുന്ത് നുള്ളുന്ന തൊഴിലാളികളും ദേശീയപാതയിലൂടെ ഇവ ട്രാക്‌ടറുകളിൽ ഫാക്‌ടറികളിലേക്ക് കൊണ്ടുപോകുന്ന കാഴ്‌ചയും മറ്റൊരു പ്രത്യേകതയാണ്. മറയൂർ- മൂന്നാർ റോഡിൽ നിരവധി തേയില ഫാക്‌ടറികളാണുള്ളത്. പെരിയവര, വാഗവര, കന്നിമല തുടങ്ങിയ ഫാക്‌ടറികൾ റോഡിൻ്റെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാലിലും പള്ളിവാസലിലും മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ മാട്ടുപ്പെട്ടിയിലുമാണ് തേയില ഫാക്‌ടറികൾ സ്ഥിതി ചെയ്യുന്നത്. പല ഫാക്‌ടറികളുടെ ഔട്ട്‌ലെറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഇത്രയും പ്രകൃതി ഭംഗി തുളുമ്പുന്ന ഈയിടം ഏറെ ഫേമസാകാന്‍ കാരണമാകട്ടെ അരിക്കൊമ്പനെന്ന കാട്ടാനയാണ്. ഒരുവേള അരിക്കൊമ്പൻ്റെ വിഹാരകേന്ദ്രമായിരുന്നു പെരിയകനാൽ. ജില്ലയിലെ ജനവാസ മേഖലകളില്‍ സ്ഥിരമായെത്തിയിരുന്ന അരിക്കൊമ്പനെ ഒടുക്കം പിടികൂടി ഏറെ നാളുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അരിക്കൊമ്പനുമായുള്ള വാഹനം ഈ പാതയിലൂടെയാണ് തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. വഴി നീളെയുള്ള അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയെല്ലാം പ്രചരിച്ചതോടെയാണ് പലരും ഈ പാതയുടെ ഭംഗി തിരിച്ചറിഞ്ഞത്.
അന്നുമുതല്‍ ഇങ്ങോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിദേശികളും സ്വദേശികളും അടക്കം നിരവധി പേരാണ് ദിനം പ്രതി ഇവിടെയെത്തുന്നത്. വഴി നീളെ റീല്‍സുകളെടുത്തവരെയും ഫോട്ടോ ഷൂട്ട് നടത്തുന്നവരെയും കാണാം. ഇറ്റ് ഈസ് റിയലി ലവിങ് അറ്റ്‌മോസ്‌ഫിയര്‍ എന്ന് സഞ്ചാരികള്‍ പറയുന്നു.
Also Read: ഹൈദരാബാദിലെ മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍; പ്രധാനപ്പെട്ടത് ഇവയെല്ലാം