സിംഗപ്പൂർ: സന്ദർശനത്തിന്‍റെ രണ്ടാം ദിവസം സിംഗപ്പൂരിലെ എഇഎം ഹോൾഡിങ് ലിമിറ്റഡിന്‍റെ സെമികണ്ടക്‌ടർ സൗകര്യങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന് ഒപ്പമായിരുന്നു മോദിയുടെ സന്ദർശനം. സെമികണ്ടക്‌ടർ നിർമാണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹവർത്തിത്വം ഊട്ടിയുറപ്പിക്കുന്നതിന് സഹായിക്കുന്നതാണ് സന്ദർശനം എന്നാണ് വിലയിരുത്തൽ.
മോദിയുടെ സെമികണ്ടക്‌ടർ വ്യവസായ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര സാധ്യതകളുമായി ബന്ധപ്പെട്ട് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സെമികണ്ടക്‌ടർ സൗകര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിംഗപ്പൂരിലെ സർവ്വകലാശാലകൾ സെമികണ്ടക്‌ടർ മേഖലയിൽ വിവിധ കോഴ്‌സുകൾ വികസിപ്പിച്ചിട്ടുണ്ട്.
സിംഗപ്പൂരിലെ വേഫർ ഫാബ് പാർക്കുകൾ എന്നറിയപ്പെടുന്ന സെമികണ്ടക്‌ടർ വ്യവസായ പാർക്കുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലടക്കം നൈപുണ്യം നേടിയവർ സിംഗപ്പൂരിലുണ്ട്. സെമികണ്ടക്‌ടർ വ്യവസായം ഭാവിയിൽ ഇന്ത്യയിലും അവസരങ്ങൾ തീർക്കും.
സിംഗപ്പൂരിലെ സെമികണ്ടക്‌ടർ മേഖലയിലെ പ്രധാന കമ്പനികൾ:
- ഐസി ഡിസൈൻ മേഖലയിൽ: മീഡിയടെക്, റിയൽടെക്, ക്വാൽകോം, ബ്രോഡ്കോം, മാക്‌സ്‌ലീനിയർ, എഎംഡി
- അസംബ്ലി, പാക്കേജിംഗ്, ടെസ്റ്റിങ് മേഖലയിൽ: എഎസ്‌ഇ ഗ്രൂപ്പ്, യൂടാക്, എസ്‌ടിഎടിഎസ് ചിപ്പ്പാക്ക്, സിലിസിൻ ബോക്‌സ്
- വേഫർ ഫാബ്രിക്കേഷൻ: ഗ്ലോബൽ ഫൗണ്ടറീസ്, യുഎംസി, സിൽട്രോണിക്, മൈക്രോൺ
- ഉപകരണങ്ങളും അസംസ്‌കൃത വസ്‌തുക്കളും ഉത്പാദിപ്പിക്കുന്ന മേഖലയിൽ: സോയ്‌ടെക്, അപ്ലൈഡ് മെറ്റീരിയൽസ്
Semiconductors and technology are important facets of India-Singapore cooperation. This is also a sector where India is increasing its presence. Today, PM Wong and I visited AEM Holdings Ltd. We look forward to working together in this sector and giving our youth more… pic.twitter.com/Bdh8nU1w6Y
— Narendra Modi (@narendramodi) September 5, 2024
"എൻ്റെ സുഹൃത്ത്, പ്രധാനമന്ത്രി ലോറൻസ് വോങുമായുള്ള ചർച്ചകൾ ഇന്നും തുടർന്നു. നൈപുണ്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, എഐ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു ചർച്ച. വ്യാപാരബന്ധം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി."നരേന്ദ്ര മോദി എക്‌സിൽ കുറിച്ചതിങ്ങനെ.
നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നാല് സുപ്രധാന ധാരണ പത്രങ്ങൾ കൈമാറിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ സഹകരണം, സെമികണ്ടക്‌ടർ മേഖലയിലെ പങ്കാളിത്തം, ആരോഗ്യരംഗത്തെ സംയുക്ത സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ വിഷയങ്ങളിലും ചർച്ചകൾ ഉണ്ടായിട്ടുണ്ട്.
ലോറൻസ് വോങ്ങിൻ്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി സിംഗപ്പൂരിലെത്തിയത്. വോങ് പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച. സിംഗപ്പൂർ രാഷ്ട്രപതി തർമൻ ഷൺമുഖരത്നത്തെയും പിന്നീട് പ്രധാനമന്ത്രി മോദി സന്ദർശിക്കുമെന്നാണ് വിവരം.