ന്യൂഡല്‍ഹി : സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ വർധിക്കുകയാണ്. സൈബർ കുറ്റവാളികൾ ഒരു ചെറിയ അവസരം പോലും വിട്ടുകളയുന്നില്ല. ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോൺ ഉള്ളവരെല്ലാം ഇന്‍റര്‍നെറ്റുമായി ബന്ധിതരാണ്. എല്ലാവരും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുമാണ്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന പല സൈബർ കുറ്റകൃത്യങ്ങളും വാട്‌സാപ്പ് കേന്ദ്രീകരിച്ചാണ്.
വാട്‌സാപ്പിലൂടെയുള്ള സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശം പുറത്തിറക്കിയിരിക്കുകയാണ് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് (ബിപിആർഡി). മിസ് കോളുകൾ വഴിയാണ് തട്ടിപ്പ് സംഘങ്ങൾ ഇരകളെ കണ്ടെത്തുന്നതെന്ന് ബിപിആർഡി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
മിസ് കോളിലൂടെ തട്ടിപ്പ്: പരിചയമില്ലാത്ത നമ്പറാണെങ്കിലും പലരും ചാടിക്കയറി എടുക്കും. ഇത്തരത്തിൽ തട്ടിപ്പ് സംഘങ്ങൾ വാട്ട്സാപ്പിൽ സജീവമായവരെ കണ്ടെത്തുന്നു. മിസ് കോളിലൂടെ ഇരകളെ ലക്ഷ്യമിട്ട് കഴിഞ്ഞാകും പലവിധ മാർഗങ്ങളിലൂടെ അവരെ തട്ടിപ്പിന് വിധേയരാക്കാൻ ശ്രമിക്കുക.
+254, +63, +1(218) എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് പല മിസ് കോളുകളും വരുന്നത്. വിയറ്റ്‌നാം, കെനിയ, എത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ നമ്പറുകളാണിവയെന്ന് ബിപിആർഡി കണ്ടെത്തി. അതിനാല്‍ ഇത്തരം നമ്പറുകളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് ബിപിആർഡിയുടെ മുന്നറിയിപ്പ്.
ജോലിയുടെ പേരിൽ തട്ടിപ്പ് : നല്ല ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്‌ത് സമീപിക്കുന്നതാണ് തട്ടിപ്പുകാരുടെ ഒരു അടവ്. ഫുൾടൈം, പാർട്ട് ടൈം, വർക്ക് ഫ്രം ഹോം ജോലികൾ ലഭ്യമാണ് എന്ന വാഗ്‌ദാനവുമായാണ് ഇത്തരക്കാര്‍ മെസേജയക്കുക. ഇതിന് മറുപടി നൽകരുതെന്ന് ബിപിആർഡി മുന്നറിയിപ്പ് നൽകുന്നു.
Also Read: ഗൂഗിളില്‍ ലഭിച്ച നമ്പറില്‍ വിളിച്ച് ടാക്‌സി ബുക്ക് ചെയ്‌തു; യുവാവിന് നഷ്‌ടപ്പെട്ടത് 48,054 രൂപ
സ്ക്രീൻ ഷെയറിങ് പാരയാകും : വാട്ട്‌സ്ആപ്പിൽ ഇപ്പോൾ നമ്മുടെ സ്‌ക്രീൻ ഷെയർ ചെയ്യാനുള്ള സംവിധാനമുണ്ട്. വീഡിയോ കോളിനിടെ അവർ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തുകയും ചെയ്യും. ഇതുവഴി ഫോണുകളിൽ തട്ടിപ്പിനുള്ള ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുമെന്നും ബിപിആർഡി മുന്നറിയിപ്പ് നൽകുന്നു.
ഷെയർ മാർക്കറ്റിന്‍റെ മറവിലും തട്ടിപ്പ് : ഷെയർ ട്രേഡിങ്ങിൽ സഹായിക്കാമെന്ന വ്യാജേനയും ചില തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നു. അവരുടെ സഹായം തേടിയാൽ ഷെയർ മാർക്കറ്റിൽ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിക്കുന്നു. പിന്നീട് ഷെയർ ട്രേഡിങ് ആപ്പുകൾ എന്ന വ്യാജേന തട്ടിപ്പ് ആപ്പുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിൽ അക്കൗണ്ട് തുറന്നശേഷം കച്ചവടം നടത്താൻ ആവശ്യപ്പെടും. തുടക്കത്തിൽ ചെറിയ ലാഭം ലഭിക്കും. ഇത് വിശ്വസിച്ച് കൂടുതൽ പണം നിക്ഷേപിച്ചാൽ ആ പണം നഷ്‌ടമാകുമെന്നും ബിപിആർഡി മുന്നറിയിപ്പ് നല്‍കുന്നു.