തിരുവനന്തപുരം: പ്രിയപ്പെട്ട അധ്യാപിക ആരെന്ന് ചോദിച്ചാല്‍ കല്ലമ്പലം കെടിസിടി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനൊരു പേരുണ്ട് 'ഐറിസ്'. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കെല്ലാം വെറും 10 സെക്കന്‍ഡിനുള്ളില്‍ വ്യക്തമായി മറുപടി നല്‍കുന്ന ഈ അധ്യാപികയാണിപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ടവള്‍. പഠിപ്പിക്കുന്ന അധ്യാപകരെ ഇത്രയും കൂടുതല്‍ ഇഷ്‌ടപ്പെടണമെങ്കില്‍ അതിന് എന്തെങ്കിലും പ്രധാന കാരണങ്ങളുണ്ടാകണമല്ലോ.
കല്ലമ്പലം സ്‌കൂളിലെ ഈ അധ്യാപിക എഐ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച അധ്യാപികയാണ് ഐറിസ്. ഇന്ത്യയില്‍ ആദ്യമായാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച അധ്യാപിക സ്‌കൂളിലെത്തുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പുതിയ കാല്‍വയ്‌പ്പായിരിക്കും ഇതെന്നാണ് പ്രതീക്ഷ (India's First AI Teacher).
വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ആശയവിനിമയം നടത്താനാകും. ഐറിസിന്‍റെ മുന്നില്‍ ഘടിപ്പിച്ച കാമറയുടെ സഹായത്തോടെ തന്നോട് സംസാരിക്കുന്നത് വിദ്യാര്‍ഥിയാണോ അധ്യാപകരാണോയെന്ന് തിരിച്ചറിയുന്നത്. ചോദ്യങ്ങള്‍ കൃത്യമായി മനസിലാക്കി ലളിതമായ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിവരിച്ച് നല്‍കും (AI Teacher Iris).
വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര നീതി ആയോഗിന്‍റെ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിന്‍റെ (എടിഎൽ ) പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായാണ് എഐ ടീച്ചറെ നിർമിച്ചത്. എടിഎല്ലിന് ശാസ്‌ത്ര സാങ്കേതിക സഹായം നൽകുന്ന കമ്പനികളിൽ ഒന്നായ ഹൗ ആന്‍ഡ് വൈയും സ്റ്റാർട്ടപ്പ് കമ്പനിയായ മേക്കർസ് ലാബ്‌സും ചേർന്നാണ് എഐ അധ്യാപികയെ വികസിപ്പിച്ചത്. ഒരു ലക്ഷം രൂപ ചെലവിലാണ് ഐറിസ് എന്ന അധ്യാപികയെ യാഥാർഥ്യമാക്കിയത്.
ചാറ്റ്ജിപിടിയിൽ അധ്യാപിക എന്ന രീതിയിൽ പ്രോഗ്രാമിൽ മാറ്റം വരുത്തിയാണ് സാങ്കേതിക വിദ്യയുടെ പ്രവർത്തനം. ശബ്‌ദം ഇൻപുട്ടായി നൽകി പ്രോസസ് ചെയ്‌ത് ഗൂഗിൾ കൺവേർഷനിലൂടെ ഓഡിയോ ആക്കി മാറ്റിയാണ് ചോദ്യങ്ങള്‍ക്കുള്ള ഐറിസിന്‍റെ മറുപടി. സംസാരത്തിന് പുറമെ മുന്നോട്ടും പിന്നോട്ടും നീങ്ങാനും ഹസ്‌തദാനം നടത്താനും ഐറിസിന് സാധിക്കും. ബ്ലൂടൂത്ത് വഴിയാണ് ഐറിസിന്‍റെ ചലനങ്ങളെ നിയന്ത്രിക്കുന്നത് (Artificial Intelligence (AI).
ആദ്യമായി എഐ അധ്യാപകരെ കണ്ടതിന്‍റെ സന്തോഷത്തിലും കൗതുകത്തിലുമാണ് കെടിസിടി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെത്തിയ ഐറിസ് അധ്യാപകര്‍ക്ക് വന്‍ സ്വീകരണമാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക ചുവടുവപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എഐ അധ്യാപികയെ കേരളത്തിലെ മറ്റ് സ്‌കൂളുകളിലേക്കും ഒരു മാസത്തിനുള്ളില്‍ എത്തിക്കുകയെന്നതാണ് മേക്കേഴ്‌സ് ലാബ്‌സിന്‍റെ ലക്ഷ്യം.