പാലക്കാട്: വൈദ്യുതി ഉൽപാദിപ്പിക്കാന്‍ പുത്തന്‍ കണ്ടുപിടിത്തവുമായി പാലക്കാട് ഐഐടി. കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്നു മാത്രമല്ല മൂത്രത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐഐടിയിലെ ഗവേഷകർ. ഐഐടി അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. പ്രവീണ ഗംഗാധരന്‍റെ നേതൃത്വത്തിൽ റിസർച്ച് സ്കോളർ വി.സംഗീത, പ്രൊജക്‌ട് സയൻ്റിസ്റ്റ് ഡോ പി.എം. ശ്രീജിത്ത്, സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെൻ്റ് റിസർച്ച് അസോസിയേറ്റ് റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
"സ്റ്റേൽ യൂറിൻ കാറ്റലൈസ്‌ഡ് റിസോഴ്‌സ് റിക്കവറി" എന്നാണ് ഗവേഷണത്തിന്‍റെ പേര്. വിസർജ്യവുമായി കലരാത്ത മൂത്രത്തിൽ നിന്നു മാത്രമേ ഉൽപാദനം സാധ്യമാകൂ. ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തൽ (Innovation from IIT Palakkad turns Urine into Energy and Bio-fertilizer).
ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും. 5 ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും, ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉൽപാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തൽ. ഈ വൈദ്യുതി എൽഇഡി ലാംപുകൾക്കും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഉപയോഗിക്കാം.
സംഗതി ഇങ്ങനെ: ഒരു ചേമ്പറില്‍ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ച ചെറുസെല്ലുകളിലേക്ക് മാറ്റുന്നു. പരസ്‌പരബന്ധിതമായ ഈ സെല്ലുകള്‍ക്കുള്ളില്‍ ആനോഡായി മഗ്നീഷ്യം ഇലക്ട്രോഡും, കാത്തോഡായി എയര്‍ കാത്തോഡും ഉപയോഗിച്ചിരിക്കുന്നു. മൂത്രവും, ഇലക്ട്രോഡുകളുമായുണ്ടാകുന്ന രാസപ്രവര്‍ത്തനത്തിലൂടെയാണ് വൈദ്യുതി ഉണ്ടാകുന്നത്.
കേന്ദ്രസർക്കാരിന്‍റെ ഡിപാർട്മെന്‍റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലുള്ള സയൻസ് ഫോർ ഇക്വിറ്റി എംപവർമെന്‍റ് വിഭാഗം പദ്ധതിക്കു വേണ്ട ധനസഹായം നൽകും. നിലവിൽ ടെക്നോളജി റെഡിനെസ് ലെവൽ 4ൽ (ടിആർഎൽ) നിൽക്കുന്ന ഈ സാങ്കേതിക വിദ്യ രാജ്യത്ത് പ്രാവർത്തികമാക്കാവുന്ന മികച്ച ടെക്നോളജിയായും പരിഗണിച്ചിട്ടുണ്ട്.