ചെന്നൈ: മദ്രാസ് ഐഐടിയിലെ നാഷണല്‍ പ്രോഗ്രാം ഓണ്‍ ടെക്‌നോളജി എന്‍ഹാന്‍സ്‌ഡ് ലേണിംഗ് (എന്‍പിടിഇഎല്‍) 174 സാങ്കേതിക കോഴ്‌സുകള്‍ തമിഴിലേക്ക് മൊഴിമാറ്റി. പ്രോഗ്രാമിങ്, ഡേറ്റ സ്‌ട്രക്‌ചേഴ്‌സ്, , അല്‍ഗോരിതം എന്നിവയാണ് പൈത്തണ്‍ അഥവ ഹൈ ലെവല്‍ പര്‍പ്പസ് പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിച്ച് മൊഴി മാറ്റിയത്. പല കോഴ്‌സുകളിലെ വിവിധ വിഷയങ്ങളുടെ തമിഴിലേക്കുള്ള മൊഴി മാറ്റത്തിനായി 682 പരിഭാഷകരും 51 ക്വാളിറ്റി കണ്‍ട്രോള്‍ വിദഗ്ദ്ധരും സഹകരിച്ചു.
159 തമിഴ് ഇ ബുക്കുകള്‍ എന്‍പിടിഇഎല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തമിഴ് സംസാരിക്കുന്നവര്‍ക്ക് കൂടുതല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ഇതിന് പുറമെ 906 മണിക്കൂറുള്ള വീഡിയോ ഉള്ളടക്കങ്ങളും തമിഴില്‍ ഇപ്പോള്‍ ലഭ്യമാണ്. പഠിതാക്കളില്‍ നിന്ന് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഇവയ്ക്ക് കിട്ടുന്നത്.
തങ്ങളുടെ കോഴ്‌സുകള്‍ മലയാളം അടക്കമുള്ള 11 ഭാഷകളിലേക്കുകൂടി എന്‍പിടിഇഎല്‍ മൊഴിമാറ്റി. മലയാളത്തിനുപുറമെ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലേക്കാണ് വിവര്‍ത്തനം നടത്തിയിട്ടുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസം തമിഴില്‍ പൂര്‍ത്തിയാക്കിയ ശേഷം സാങ്കേതിക പഠനത്തിന് എത്തുന്നവര്‍ക്ക് പെട്ടെന്ന് ഇംഗ്ലീഷിലേക്കുള്ള മാറ്റം ബുദ്ധിമുട്ടാകാതിരിക്കാനാണ് ഇത്തരമൊരു നീക്കം. എന്‍പിടിഇഎല്ലിന്‍റെ മൊഴിമാറ്റം നടത്തിയ കോഴ്‌സുകള്‍ https://nptel.ac.in/translation എന്ന വെബ്പേജില്‍ ലഭ്യമാണ്.
ഓരോ ഭാഷയ്ക്കും അതിന്‍റേതായ ലോകമുണ്ട്. പരിഭാഷയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്‍റെ ലോകത്തിന്‍റെ അതിര്‍ത്തിയിലേക്ക് ഒതുങ്ങിപ്പോകുമായിരുന്നു എന്നാണ് എന്‍പിടിഇഎല്ലിന്‍റെ മൊഴിമാറ്റ കോര്‍ഡിനേറ്ററും ഐഐടി മദ്രാസിലെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സാമൂഹ്യശാസ്‌ത്ര വകുപ്പ് അധ്യാപകനുമായ പ്രൊഫ. രാജേഷ്‌കുമാര്‍ പ്രതികരിച്ചത്. എന്‍പിടിഇഎല്ലിന് ഇപ്പോല്‍ ഈ പരിമിതികള്‍ മറികടക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പഠിതാക്കള്‍ക്ക് പരിഭാഷകള്‍ ലഭ്യമാക്കാന്‍ ഐഐടി മദ്രാസ് എന്‍പിടിഇഎല്‍ നവീന മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് മദ്രാസ് ഐഐടി കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനും പരിഭാഷ കോര്‍ഡിനേറ്ററുമായ പ്രൊഫ. അഭിജിത് പി ദേശ്‌പാണ്ഡെയും പറഞ്ഞു. സബ് ഹെഡിങ്ങുകള്‍ ഉപയോഗിച്ചും വീഡിയോയ്ക്ക് ഭാഷാ എഴുത്തുകള്‍ നല്‍കിയും ട്രാന്‍സ്ക്രിപ്റ്റുകളും സ്ലൈഡുകളും ഓഡിയോയും മറ്റും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള ശാസ്‌ത്ര-എന്‍ജിനീയറിങ് ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമം.
എന്‍പിടിഇഎല്‍ ഐഐടികളുടെയും ഐഐഎസ്‌സികളുടെയും സംയുക്ത സംരംഭമാണിത്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇവര്‍ക്ക് ഫണ്ട് നല്‍കുന്നത്. 2003ലാണ് ഇത് ആരംഭിച്ചത്. തങ്ങളുടെ പ്രവര്‍ത്തന മേഖല ഇവര്‍ വിപുലീകരിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്‍പിടിഇഎല്‍ നിലവില്‍ വന്നത്. എന്നാലിപ്പോള്‍ ഇവര്‍ 700ലേറെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്നു. ഓരോ സെമസ്‌റ്ററിലും 22 വിഷയങ്ങളാണ് ഇതില്‍ പഠിപ്പിക്കുന്നത്.
എന്‍പിടിഇല്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിദഗ്ദ്ധര്‍ നിരന്തരം ഈ മൊഴിമാറ്റ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇവ SWAMYAM, NPTEL വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. പിഡിഎഫ്, ഇബുക്ക്, സബ്ടൈറ്റില്‍, സ്ക്രോളിംഗ് ടെക്‌സ്‌റ്റ്, ഓഡിയോ തുടങ്ങി വിവിധ രൂപങ്ങളില്‍ ഇവ ലഭിക്കും.
ഇതുവരെ 163 എന്‍ജിനീയറിങ് കോഴ്‌സുകളിലടക്കം 244 എന്‍പിടിഇല്‍ കോഴ്‌സുകളിലായി 20000 മണിക്കൂര്‍ വീഡിയോ ഉള്ളടക്കങ്ങള്‍ വിജയകരമായി മൊഴിമാറ്റി. ഇംഗ്ലീഷ് ഭാഷയിലെ സാങ്കേതിക പദങ്ങള്‍ കൃത്യതയോടെ മൊഴിമാറ്റുന്നത് പുതിയൊരു പഠനാനുഭവമാണ് നല്‍കുന്നത്. ഇവ പുസ്‌തകങ്ങളാക്കി മാറ്റി ലഭ്യമാക്കിയിട്ടുമുണ്ട്. ഇത്തരം 980 പുസ്‌തകങ്ങള്‍ പ്രാദേശികഭാഷകളില്‍ ഇപ്പോള്‍ എന്‍പിടിഇഎല്‍ വെബ്‌സൈറ്റ്, ട്രാന്‍സലേഷന്‍ ബുക്ക് സൈറ്റ്, സ്വയം പോര്‍ട്ടല്‍ എന്നിവയില്‍ ലഭ്യമാണ്.
Also Read: ഏറ്റവും വേഗമാര്‍ന്ന ക്വാണ്ടം കമ്പ്യൂട്ടര്‍ തദ്ദേശീയമായി വികസിപ്പിച്ച് മാണ്ടി ഐഐടിയിലെ ഗവേഷകര്‍
തമിഴ് സംസാരിക്കുന്ന പഠിതാക്കള്‍ക്ക് ഈ ഉദ്യമം ഏറെ സഹായകമാണെന്നാണ് നാലാം വര്‍ഷ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ മാധവന്‍ പറയുന്നത്. ഇത്തരം പരിഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാണെന്നും സിവില്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്‌റ്റന്‍റ് പ്രൊഫസര്‍ പി മുത്തയ്യന്‍ പറയുന്നു. ഈ ഉദ്യമം പഠിതാക്കളില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും ഉപകരിക്കുന്നുവെന്നാണ് രാജലക്ഷ്‌മി എന്‍ജിനീയറിങ് കോളജ് പ്രൊഫസറും ക്വാളിറ്റി കണ്‍ട്രോള്‍ വിദഗ്ദ്ധനുമായ ഡോ.വി പ്രസന്നകുമാരി പറയുന്നത്. ഇത് എന്‍ജിനീയറിങ് പഠനശാഖയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.