ഹൈദരാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. പൊതുസ്ഥലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ സ്‌ത്രീകൾക്ക് നേരെ അതിക്രമങ്ങൾ പതിവാണ്. അതിനാൽ തന്നെ പലപ്പോഴും സ്ത്രീകൾ ഒറ്റയ്‌ക്ക് പുറത്തിറങ്ങാൻ ഭയപ്പെടുന്നു. ഇത് അവരുടെ ജോലിയെ വരെ ബാധിക്കാറുണ്ട്. അതിനാൽ തന്നെ സന്ധ്യയ്‌ക്ക് മുന്നെ വീട്ടിലെത്താവുന്ന ജോലിയാണ് മിക്ക സ്‌ത്രീകളും തെരഞ്ഞെടുക്കുന്നത്. താൻ അക്രമിക്കപ്പെടുമോ എന്ന ഭയം തന്നെയാണ് ഇതിന് പിന്നിൽ.
ഇത്തരം സന്ദർഭങ്ങളിൽ സ്‌ത്രീകളെ സംരക്ഷിക്കാൻ നിരവധി സുരക്ഷ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. അത്തരം ഉപകരണങ്ങൾ കയ്യിലുണ്ടെങ്കിൽ എവിടെ പോയാലും സ്‌ത്രീകൾക്ക് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനാവും. അതിക്രമങ്ങളെ നേരിടാനുള്ള സുരക്ഷ ഉപകരണങ്ങൾ ഏതെല്ലാമെന്നും അതിന്‍റെ പ്രവർത്തനം എങ്ങനെയാണെന്നും പരിശോധിക്കാം.
അലാറം കീചെയിൻ: അപരിചിതർ ആക്രമിക്കാനെത്തുമ്പോൾ ആദ്യം വായ് പൊത്തിപ്പിടിക്കുകയോ വായിൽ വസ്ത്രം വയ്ക്കുകയോ ആയിരിക്കും ചെയ്യുക. ഇത് നിങ്ങൾ ഉറക്കെ നിലവിളിക്കാതിരിക്കാനാണ്. ഇതുകാരണം സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ നിങ്ങൾക്ക് കഴിയാതെ വരും.

വായ് പൊത്തിപ്പിടിച്ചാലും അലാറം മുഴങ്ങുന്ന ഒരു ഉപകരണം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ ശ്രദ്ധ നേടാനാവും. ഇതിന് സഹായിക്കുന്നതാണ് അലാറം കീചെയിൻ. കീചെയിനിൻ്റെ മുകളിലെ താക്കോൽ വലിച്ച് മുൻവശത്തെ ബട്ടൺ രണ്ടുതവണ അമർത്തിയാൽ വലിയ ശബ്‌ദത്തോടെ അലാറം മുഴങ്ങും. ഇത് ചുറ്റുമുള്ള ആളുകളുടെ സഹായം തേടാൻ സഹായിക്കും.
അലാറം കേൾക്കുന്ന ദൂരത്തിൽ ആരുമില്ലെങ്കിൽ കീചെയിനിൻ്റെ പിൻവശത്തുള്ള ബട്ടൺ അമർത്തിയാൽ മുൻവശത്തെ എൽഇഡി ലൈറ്റ് പ്രകാശിക്കും. നിങ്ങൾക്ക് അത് മറ്റൊരാളുടെ കണ്ണുകളിൽ കേന്ദ്രീകരിക്കാനും അപകടത്തിൽ നിന്ന് കരകയറാനും കഴിയും. തുടർന്ന് അലാറം നിർത്താൻ കീചെയിനിൻ്റെ മുൻവശത്തുള്ള ബട്ടൺ അമർത്തിപ്പിടിച്ചാൽ മതി. ഈ കീചെയിൻ പുറത്ത് പോകുന്നതിന് മുമ്പ് വിരലുകളിൽ ഉപയോഗിക്കാം. അല്ലെങ്കിൽ ബാഗിലോ കഴുത്തിലോ ഒരു ടാഗിൽ ഘടിപ്പിച്ചാൽ അടിയന്തിര ഘട്ടങ്ങളിൽ സഹായകമാവും.
സ്റ്റീലോഡീൽ കീ ചെയിൻ: അപകടസമയത്ത് സ്ത്രീകൾക്ക് ഉപയോഗപ്രദമായ മറ്റൊരു ഉപകരണമാണ് സ്റ്റീലോഡീൽ കീ ചെയിൻ. ടോർച്ച്, സ്ക്രൂഡ്രൈവർ, കത്തി, ബോട്ടിൽ ഓപ്പണർ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ഒന്നിച്ചടങ്ങിയ ഒരു ടൂൾ കീചെയിൻ ആണ് സ്റ്റീലോഡീൽ കീ ചെയിൻ. അപകടമുണ്ടായാൽ സന്ദർഭത്തിനനുസരിച്ച് ഇവ ഉപയോഗിച്ച് രക്ഷപ്പെടാം. ഭാരം കുറവായതിനാൽ തന്നെ പുറത്തിറങ്ങുമ്പോൾ എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കും. വിരലുകളിലോ ബാഗിലോ കഴുത്തിലോ ഘടിപ്പിക്കാവുന്നതാണ്.

പെപ്പർ സ്പ്രേ: അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ് പെപ്പർ സ്പ്രേ. അക്രമികളുടെ കണ്ണിൽ പെപ്പർ സ്പ്രേ തളിച്ചാൽ നീറ്റൽ കാരണം അവർക്ക് ഒന്നും ചെയ്യാൻ കഴിയാതെ വരും. ഒറ്റയ്‌ക്ക് യാത്ര ചെയ്യുമ്പോൾ സ്‌ത്രീകൾ ബാഗിലും പഴ്‌സിലും പെപ്പർ സ്പ്രേ കരുതുന്നത് നല്ലതാണ്.

ഫിംഗർ ടിപ്പ് റിങുകൾ: സുരക്ഷ ഉപകരണങ്ങൾ കയ്യിൽ കരുതിയാൽ പോലും അപകട സമയങ്ങളിൽ എന്തുചെയ്യണമെന്ന് അറിഞ്ഞെന്നു വരില്ല. ഇത്തരം സമയങ്ങളിൽ അതിക്രമങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് ഫിംഗർ ടിപ്പ് റിങുകൾ. രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങേണ്ടി വന്നാൽ കൂർത്ത നഖത്തിന്‍റെ ആകൃതിയിലുള്ള ഈ റിങുകൾ നഖത്തിൽ ധരിച്ചാൽ അക്രമികൾക്ക് നേരെ പ്രത്യാക്രമണം നടത്തി രക്ഷപ്പെടാൻ കഴിയും.

മുളക് സ്പ്രേ: സ്ത്രീകളും പെൺകുട്ടികളും പുറത്തുപോകുമ്പോൾ എപ്പോഴും ബാഗിൽ കരുതേണ്ട ഒന്നാണ് മുളക് സ്പ്രേ. നിങ്ങൾക്ക് നേരെ അക്രമണം ഉണ്ടായാൽ ഉടൻ അക്രമികളുടെ കണ്ണിൽ മുളക് സ്പ്രേ തളിച്ചാൽ നീറ്റൽ കൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ കഴിയാതെ വരും. ഇങ്ങനെ നിങ്ങൾക്ക് രക്ഷപ്പെടാനാകും.

എങ്ങനെ വാങ്ങാം: അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കാൻ ഇത്തരം നിരവധി സുരക്ഷ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവയെ കുറിച്ച് അറിയാത്തവരാണ് മിക്ക സ്‌ത്രീകളും. ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇവ ലഭ്യമാണ്. ഗുണനിലവാരം, നിറം, ഡിസൈൻ എന്നിവയനുസരിച്ച് വ്യത്യസ്‌ത വിലകളിൽ ഇവ വിപണിയിൽ ലഭ്യമാണ്. അപകടസമയത്ത് ഒരു പരിധിവരെ ഇത്തരം ഉപകരങ്ങൾ നമുക്ക് സുരക്ഷയൊരുക്കും. പിന്നീട് ചുറ്റുമുള്ളവരുടെ സഹായമോ പൊലീസ് സഹായമോ തോടാവുന്നതാണ്.
Also Read: സാങ്കേതിക വൈദഗ്‌ധ്യമുണ്ടോ? ഐടി മേഖലയിൽ സ്ത്രീകളെ കാത്തിരിക്കുന്നത് 21 ലക്ഷം തൊഴിലവസരങ്ങൾ