തൃശൂർ : സൗഹൃദം സ്ഥാപിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂട്യൂബർ പിടിയിൽ. തൃശൂർ ഈസ്‌റ്റ് പൊലീസാണ് എറണാകുളം കടവന്ത്ര സ്വദേശിയായ ജയശങ്കർ മേനോനെ അറസ്‌റ്റ് ചെയ്‌തത്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണവും തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയായ ഡോക്‌ടറുടെ പരാതിയിലാണ് അറസ്‌റ്റ്.
ഇരുവരും തമ്മിലുള്ള സെൽഫി ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്‌ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. 'ഫുഡി മേനോൻ' എന്ന പേരിൽ ഇൻസ്‌റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫുഡ് വ്ളോഗുകളിലൂടെ ജനങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് അറസ്‌റ്റിലായ ജയശങ്കർ മേനോൻ.
2023 ജനുവരി മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇയാൾ ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാർഡ് വാങ്ങിയും പ്രതി പണം പിന്‍വലിച്ചതായി പൊലീസ് പറയുന്നു.
ഒപ്പം 30 പവനോളം സ്വർണവും ഇയാൾ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. മെയ് 12ന് തൃശൂർ ഈസ്‌റ്റ് പൊലീസ് യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ALSO READ : കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്; മുഖ്യപ്രതി രതീശൻ മുഴുവന്‍ പണവും നല്‍കിയത് കോഴിക്കോട് സ്വദേശിയ്‌ക്ക്