1956ല്‍ രൂപീകൃതമായത് മുതല്‍ക്ക് തന്നെ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തൊഴിലില്ലായ്‌മ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും എന്നും മുൻ നിരയില്‍ നില്‍ക്കുമ്പോഴും ഈയൊരു പ്രശ്‌നം മാത്രം പരിഹരിക്കാൻ കേരളത്തില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്കായിട്ടില്ലെന്നതാണ് വസ്‌തുത. പുരോഗമന നയങ്ങളും ശക്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നിട്ട് പോലും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് സംസ്ഥാനത്തിന്‍റെ സാമൂഹിക സാമ്പത്തിക ഘടനയെ ശക്തമായി ബാധിക്കുന്ന ഒരു പ്രശ്‌നമായി തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിലവില്‍ രാജ്യത്ത് തൊഴില്‍ രഹിതരായ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍. അടുത്തിടെ പുറത്തുവന്ന പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2023 ജൂണ്‍ മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന സര്‍വേയില്‍ 15-29 വരെ പ്രായമുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് 29.9 ശതമാനമാണ്. ദേശീയതലതത്തില്‍ 10.2 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്‌മ നിരക്ക്.
കേരളത്തില്‍ തൊഴില്‍ രഹിതരായ യുവാക്കളിലേറെയും വനിതകളാണ്. സംസ്ഥാനത്ത് പ്രായത്തിലുള്ള വനിതകള്‍ക്കിടയില്‍ 47.1 ശതമാനമാണ് തൊഴിലില്ലായ്‌മ നിരക്ക്. പുരുഷന്മാര്‍ക്കിടയില്‍ ഈ കണക്ക് 19.3 ശതമാനം മാത്രമാണ്. 15-29 വയസ് പ്രായമുള്ള 31.28 ശതമാനം വിദ്യാസമ്പന്നരായ പുരുഷന്മാരാണ് കേരളത്തില്‍ തൊഴില്‍ രഹിതരായി തുടരുന്നത്.
പിഎല്‍എഫ്എസ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്‌മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് മധ്യപ്രദേശിലാണ്. ഗുജറാത്താണ് പിന്നില്‍. ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളാണ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്കില്‍ മുന്നില്‍.
അതേസമയം, കേരളത്തില്‍ മൊത്തം തൊഴിലില്ലായ്‌മയുടെ നിരക്ക് കുറഞ്ഞുവരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 15ന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്‌മ നിരക്ക് നിലവില്‍ കേരളത്തില്‍ 7.2 ആണ്. 2017-18 വര്‍ഷത്തില്‍ 11.4 ശതമാനമായിരുന്നു ഈ കണക്ക്. ഈ പട്ടികയില്‍ ഗോവയ്‌ക്ക് (8.5%) പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളത്തിന്‍റെ സ്ഥാനം.
Also Read : മൂല്യവർധിത കാർഷിക കയറ്റുമതിയിലൂടെ സൃഷ്‌ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ: ഉത്തമ മാതൃകയായി