തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ ഡി കാർഡ് കേസിൽ കാസർഗോഡ് സ്വദേശി ജെയ്സൺ പോലീസിൽ കീഴടങ്ങി(Youth Congress Fake ID Case Main Culprit Jaison Surrendered). കേസിലെ മുഖ്യപ്രതിയാണ് കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്‍റായ ജെയ്സൺ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്.
കോടതി നിർദേശപ്രകാരമാണ് പ്രതി കീഴടങ്ങിയത്. കീഴടങ്ങിയാൽ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജെയ്‌സണാണ് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നാണ് പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ജെയ്സണെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘവും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലും സംഘവുമാണ് ചോദ്യം ചെയ്യുന്നത്.
അറസ്റ്റ് രേഖപ്പെടുത്തി ഉടൻ ജാമ്യത്തിൽ വിടുമെന്നാണ് വിവരം. മുഖ്യപ്രതിയായ കാസർകോട് സ്വദേശി രാകേഷ് അരവിന്ദനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രാകേഷും ജയ്‌സണും ചേർന്നാണ് സി.ആർ കാർഡ് ആപ്പ് നിർമ്മിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആറാം പ്രതിയായ ജയ്‌സണിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാകേഷ്. ഇയാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനല്ല.