മലപ്പുറം : നാലര പവന്‍റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പൊന്നാനി പൊലീസിന്‍റെ പിടിയിൽ (Young Women Who Tried To Escape By Breaking The Necklace Were Caught By Police). മാല പൊട്ടിക്കുന്നത് പതിവാക്കിയ സഹോദരിമാർ പിടിയിലായത് ബസ്സിൽ നിന്ന്. എടപ്പാൾ ബസ്സിൽ നിന്ന് നാലര പവന്‍റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികളാണ് പൊലീസിന്‍റെ പിടിയിലായത്.
തമിഴ്‌നാട് തിരിപ്പൂർ സ്വദേശിനികളായ നന്ദിനി, ദിവ്യ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ രണ്ട് പേരും സഹോദരികളാണെന്ന് പൊലീസ് പറഞ്ഞു. എടപ്പാൾ പൊന്നാനി ഭാഗത്ത് ഓടുന്ന തവക്കൽ ബസ്സിൽ യാത്ര ചെയ്‌തിരുന്ന യുവതിയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കുറ്റിക്കാട് വച്ച് പിടിയിലായ യുവതികൾ കവർന്നത്.
ഇന്നലെ രാവിലെ (31-01-2024) 11 മണിയോടെയാണ് സംഭവം നടക്കുന്നത്. മാല നഷ്‌ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ തന്നെ യുവതി പൊന്നാനി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട് തിരിപ്പൂർ സ്വദേശിനികളായ നന്ദിനി, ദിവ്യ എന്നിവരിൽ നിന്നും മാല കണ്ടെത്തുകയും ചെയ്‌തു. ഇവർക്കെതിരെ പൊന്നാനി പൊലീസ് കേസെടുത്തു.
പയ്യന്നൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധിയിലായി സമാനമായ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ യുവതികൾ എന്ന് പൊലീസ് അറിയിച്ചു.
കുറ്റിപ്പുറം ഹൈസ്‌കൂളിന് സമീപം സപ്ലൈകോ ഷോപ്പിൽ മോഷണം : മലപ്പുറം കുറ്റിപ്പുറത്ത് ഹൈസ്‌കൂളിന് സമീപം സപ്ലൈകോ ഷോപ്പിൽ നടന്ന മോഷണത്തില്‍ പ്രതികളായ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി കുറ്റിപ്പുറം പൊലീസ്. പുലർച്ചെ നാലിനും അഞ്ചരയ്ക്കും ഇടയിലാണ് സംഭവം.
മോഷ്‌ടാക്കളായ രണ്ടുപേർ സപ്ലൈകോയുടെ ഷട്ടർ കുത്തിത്തുറന്ന് ഗ്ലാസ് ചില്ല് അടിച്ച് തകർത്താണ് അകത്തു കയറി മോഷണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. ഷോപ്പിലെ കമ്പ്യൂട്ടറും മറ്റുള്ള ഉപകരണങ്ങളുമെല്ലാം മോഷ്‌ടാക്കൾ തകർത്തു, ഒപ്പം ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണവും അവര്‍ കവർന്നതായി അധികൃതര്‍ പറഞ്ഞു.
മോഷണം പുലർച്ചയായതിനാൽ സംഭവം ആരും തന്നെ അറിഞ്ഞിരുന്നില്ല. രാവിലെ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തിയപ്പോഴാണ് സപ്ലൈകോയുടെ ഷട്ടർ പൊളിച്ച നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ വിവരം കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.