കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിന് വെട്ടേറ്റു. സംസ്ഥാന പാതയില്‍ ചുടലമുക്കിന് സമീപത്താണ് സംഭവം. മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസ് (45) നാണ് വെട്ടേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളമ്പ്രം സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബന്ധുവും ഭർതൃമതിയുമായ യുവതിയെ മൂന്ന് ദിവസം മുമ്പ് മുനീർ ബെംഗളൂരുവിലേക്ക് കൊണ്ടു പോയിരുന്നു. പ്രതി മയക്കുമരുന്ന് വ്യാപാരി ആണെന്നും തിരിച്ച് വരുമ്പോള്‍ മയക്കുമരുന്ന് കൈവശമുണ്ടാവുമെന്നും അറിയാവുന്ന ബന്ധുക്കള്‍ അരീക്കോട് പൊലീസില്‍ വിവരം നല്‍കിയിരുന്നു.
യുവതിയെ കൊണ്ടുപോയത് സംബന്ധിച്ചും പരാതി നല്‍കി. ഇയാളെ കണ്ടെത്താനായി ഒരു ജീപ്പില്‍ യുവതിയുടെ ബന്ധുവായ അബ്‌ദുല്‍ ഗഫൂറും ഹാരിസും വെള്ളിയാഴ്‌ച അടിവാരം, ഈങ്ങാപ്പുഴ, താമരശ്ശേരി ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്‌ച പുലർച്ചെ തിരികെ നാട്ടിലേക്ക് പോകുമ്പോൾ ചുടലമുക്കിന് സമീപം പ്രതി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടു. ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ ഹാരിസിനെ കണ്ടപ്പോള്‍ തന്നെ പിടികൂടാൻ എത്തിയതാണെന്ന് മുനീര്‍ മനസിലാക്കി. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.