തിരുവനന്തപുരം: വന്ധ്യത ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ട സ്ത്രീ മരിച്ചു. തിരുവനന്തപുരം കോവളം കോട്ടുകാൽ സ്വദേശി മഞ്ജുഷയാണ് (47) ഇന്ന് പുലർച്ചെ 5 മണിയോടെ തിരുവനന്തപുരം ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മൃതദേഹം നിലവിൽ മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. ഡോക്‌ടർമാരുടെ സംഘത്തിന്‍റെ സാന്നിധ്യത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങൾക്കു മുൻപായിരുന്നു മഞ്ജുഷയെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി ആറ്റുകാലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇന്ന് പുലർച്ചെ 5 മണിയോടെ മഞ്ജുഷ മരണപ്പെട്ടെങ്കിലും കുടുംബാംഗങ്ങളെ ആശുപത്രി അധികൃതർ വിവരമറിയിച്ചില്ലെന്നും പരാതിയിൽ ഉണ്ട്. പിന്നീട് ബന്ധുക്കൾ എത്തി ആശുപത്രിയിൽ ബഹളം വച്ചതിനെ തുടർന്നാണ് മഞ്ജുഷ മരിച്ച വിവരം അറിയിക്കുന്നത്.
സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം കേസിന്‍റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.