ഇടുക്കി : മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിൻവലിച്ചു. കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നുവിളിക്കുന്ന സുരേഷ് കുമാര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹർത്താലാണ് പിൻവലിച്ചത്. കെ ഡി എച്ച് വില്ലേജ് പരിധിയിലാണ് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചത് (Wild Elephant attack in Munnar).
സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ അധികൃതര്‍ കൈമാറി. മക്കളുടെ പഠന ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിൻവലിച്ചത്. ഇന്നലെ (26-02-2024) രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. സുരേഷ് കുമാറിന്‍റെ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റജീന എന്നിവർക്ക് പരിക്കുണ്ട്.
രണ്ടുപേരും മൂന്നാർ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂളില്‍ വാർഷിക ദിന പരിപാടിക്ക് ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്തുവച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്.