കോഴിക്കോട്: കല്യാണക്കത്ത് ശേഖരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഒരുങ്ങുന്ന ഒരാളുണ്ട് കോഴിക്കോട് നഗരത്തിൽ. നടക്കാവ് സ്വദേശി എം കെ ലത്തീഫാണ് പുതിയൊരു അപൂർവ്വത സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താൽ കല്യാണക്കത്തുകൾ ശേഖരിച്ചാണ് കോഴിക്കോട് സ്വദേശി എം കെ ലത്തീഫ് ഗിന്നസ് ലക്ഷ്യമാക്കുന്നത്. 8 വർഷത്തെ പ്രയത്നമാണിത്.
കോഴിക്കോട്, കണ്ണൂർ എറണാകുളം ജില്ലകളിൽ നിന്നുള്ള ക്ഷണക്കത്താണ് ഏറെയുമുള്ളത്. അച്ചടിച്ച കത്തിൽ നിന്ന് സമൂഹ മാധ്യമത്തിലൂടെ വിവാഹം ക്ഷണിക്കുന്ന ചടങ്ങിലേക്ക് കാലം മാറി പോകുന്ന സമയത്ത് ലത്തീഫിൻ്റെ പരിശ്രമം റെക്കോർഡിനപ്പുറം ഒരോർമ്മപ്പെടുൽ കൂടിയാണ്. മുപ്പതു വർഷം പ്രവാസിയായിരുന്ന ലത്തീഫ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ക്ഷണക്കത്ത് ശേഖരിക്കുന്നതിനോടൊപ്പം പുരാവസ്‌തു ശേഖരിക്കുന്നതിലും സജീവമാണ്.
1944 മുതൽ 2024 മാർച്ചിലെ ക്ഷണക്കത്തടക്കം 2320 എണ്ണം ശേഖരത്തിലുണ്ട്. ഈ വിഭാഗത്തിൽ നിലവിൽ ഗിന്നസ് റെക്കോർഡ് പാക്കിസ്ഥാൻ സ്വദേശി സാം മുഹമ്മദിന്‍റെ പേരിലാണ്. നടക്കാവ് ബിഎഡ് ട്രെയിനിങ്ങ് സെന്‍ററിലെ ക്ലാസ് മുറിയിൽ ചിത്രീകരണത്തിനായി കത്തുകൾ പ്രദർശിപ്പിച്ചു. തുടര്‍ന്ന് ഗിന്നസ് പ്രതിനിധി സലീം പടവണ്ണയും സംഘവും ക്ഷണക്കത്തിൻ്റെ എണ്ണവും ദൈർഘവും തിട്ടപ്പെടുത്തി.
ഡിസൈൻ ഒന്നും ഇല്ലാത്ത കത്ത് മുതൽ വിവാഹിതരുടെ ഫോട്ടോ ഉൾപ്പെടുത്തിയ കത്ത് വരെയുണ്ട് ശേഖരത്തില്‍. 2021ൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഉൾപ്പെടുത്തിയതും, പ്ലാസ്‌റ്റിക് കൊണ്ട് നിർമ്മിച്ചതും അമേരിക്കൻ മലയാളി ദമ്പതികളുടെ ക്ഷണക്കത്തും എല്ലാം ശേഖരത്തിലുണ്ട്.