തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് (നവംബർ 3) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. നവംബർ അഞ്ച് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട മണിയാര്‍ ബാരേജിൻ്റെ ഷട്ടറുകള്‍ നിയന്ത്രിത അളവില്‍ ഉയര്‍ത്തി ജലം പുറത്ത് വിടേണ്ടി വരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാനുള്ള സാഹചര്യമുണ്ട്. കക്കാട്ടാറിൻ്റേയും പമ്പയാറിൻ്റേയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Also Read: ഇനി അർക്കയും അരുണികയും കാലാവസ്ഥ പ്രവചിക്കും; 850 കോടി ചെലവിൽ എച്ച്പിസി വരുന്നു