തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടതിൻ്റെ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്. മാത്രമല്ല മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാനും നിർദേശം നൽകി. കേരളാ തീരത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഓഗസ്‌റ്റ് 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.