എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പഴിചാരൽ നിർത്തൂവെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ സംശയം പ്രകടിപ്പിച്ച് കോടതി. നീക്കിയിരിപ്പ് കൈവശമില്ലാത്തതു കൊണ്ടാണ് സംസ്ഥാന സർക്കാർ വീണ്ടും പണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും വിമർശനം.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക എന്നിവ സംബന്ധിച്ച് വ്യക്തമായ കണക്ക് നൽകാൻ സംസ്ഥാന സർക്കാരിനോടും നൽകിയ സഹായം സംബന്ധിച്ച് വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോടും ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം സത്യവാങ്മൂലം നൽകിയെങ്കിലും സംസ്ഥാനത്തിന് കൃത്യമായ കണക്കുകൾ നൽകാനായില്ല. ദുരന്തനിവാരണ അതോറിറ്റി ഫിനാൻസ് ഓഫിസർ ഹാജരായ വേളയിൽ ഓഡിറ്റിങ് നടക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചത്.
677 കോടി രൂപ എസ്‌ഡിആർഎഫ് ഫണ്ടിൽ നീക്കിയിരുപ്പ് ഉണ്ടെന്ന് സർക്കാർ അറിയിച്ചെങ്കിലും നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലെന്നും അതുകൊണ്ടാണ് വീണ്ടും കേന്ദ്രത്തോട് പണം ആവശ്യപ്പെടുന്നതെന്നും കോടതി വിമർശിച്ചു. ദുരന്തനിവാരണ അതോറിറ്റിയിൽ ഓഡിറ്റ് നടക്കുന്നുണ്ടാകും പക്ഷേ റിപ്പോർട്ട് കാണണമെന്നില്ലെന്നും കോടതി പരിഹസിച്ചു. ദുരന്തനിവാരണ അതോറിറ്റി
ശരിയായ രീതിയിൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തിയ കോടതി ആരെയാണ് വിഡ്ഢിയാക്കുന്നതെന്നും സംസ്ഥാന സർക്കാരിനോട് ചോദിച്ചു.
കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. അതുപോലെ തന്നെ കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്‍റെ പക്കലും വേണമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. തുടർന്ന് കണക്കുകളിൽ വ്യക്തത വരുത്താൻ സംസ്ഥാന സർക്കാരിന് സാവകാശം നൽകിയ ഹൈക്കോടതി എസ്‌ഡിആർഎഫ് ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കാനും നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. ഈ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ആകെ 291 കോടി രൂപയാണെന്നും ഇതില്‍ 145.6 കോടി രൂപ വീതം രണ്ട് തവണയായി സംസ്ഥാന സര്‍ക്കാരിന് നല്‍കി എന്നും കേന്ദ്രം അറിയിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അനുവദിച്ചത് 153.46 കോടി രൂപയാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ അറിയിച്ചു.