കോഴിക്കോട്: കുന്ദമംഗലം പന്തീര്‍പാടത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഉയർന്നുപൊങ്ങിയതിന് പിന്നാലെ നടത്തിയ അറ്റകുറ്റപ്പണികളില്‍ പുലിവാല് പിടിച്ച് വാട്ടർ അതോറിറ്റി. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതോടെ വെള്ളം ഉയർന്നുപൊങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനുശേഷം അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിച്ച ശേഷം കുഴിയടച്ച രീതിയാണ് വിവാദമായത് (Water Authority Pothole Fixing Controversy).
കുഴിയടച്ച ശേഷം മണ്ണിട്ട് മൂടിയ ഭാഗം ഉറപ്പിക്കാൻ വാട്ടർ അതോറിറ്റിക്കാർ ഉപയോഗിച്ചത് ഇവർ കൊണ്ടുവന്ന ജീപ്പ് തന്നെയാണ്. കുഴി നികത്തിയശേഷം ജീപ്പ് അതിനു മുകളിൽ ഓടിച്ചാണ് ഇവർ മണ്ണ് ഉറപ്പിക്കാൻ ശ്രമിച്ചത്. കോഴിക്കോട് വയനാട് സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡില്‍ ഇത്തരം പ്രവർത്തി ചെയ്‌തത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആഴത്തില്‍ കുഴിയെടുത്ത ഭാഗത്തെ മണ്ണ് കേവലമൊരു ജീപ്പ് ഉപയോഗിച്ച് ഉറപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
രണ്ട് മണിക്കൂർ നീണ്ട ജലപ്രവാഹം: ഇന്നലെ (തിങ്കൾ) വൈകിട്ടാണ് കുന്ദമംഗലം പന്തീര്‍പാടത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ഭീമന്‍ പൈപ്പ് പൊട്ടി വലിയ ജലപ്രവാഹമുണ്ടായത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇത് താല്‍ക്കാലികമായെങ്കിലും നിര്‍ത്താനായത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥര്‍ ആരും സംഭവ സ്ഥലത്ത് എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രാവിലെ 8.30 ഓടെ വാട്ടര്‍ അതോറിറ്റിയുടെ ജീപ്പില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചോര്‍ച്ച പരിഹരിക്കാൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ ആരുമില്ലാത്തതിനാല്‍ നാട്ടുകാര്‍ ഇവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഉദ്യോഗസ്ഥര്‍ വരും എന്നായിരുന്നു ജോലിക്കാരുടെ മറുപടി. എന്നാല്‍ ഏറെ സമയം കഴിഞ്ഞ് 11.30 ഓടെയാണ് ഓവര്‍സിയർ ഇവിടെയെത്തിയത്. പൈപ്പ് പൊട്ടിയതിന്‍റെ കാരണവും ഉണ്ടായ നാശനഷ്‌ടങ്ങളും സംബന്ധിച്ച് നാട്ടുകാരുടെ പരാതിയെല്ലാം ഈ ഉദ്യോഗസ്ഥൻ കേട്ടു.
തുടർന്ന് പൈപ്പ് പൊട്ടിയ ഭാഗം മുറിച്ചുമാറ്റി ചോര്‍ച്ച പരിഹരിച്ച ജീവനക്കാര്‍ മണ്ണിനടിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ഒന്നര മീറ്ററോളം ആഴത്തില്‍ മണ്ണെടുത്ത കുഴി മൂടുകയും ചെയ്‌തു. കുഴി മൂടിയതിന് പിന്നാലെ മണ്ണ് ഉറപ്പിക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ ജീപ്പ് ഉപയോഗിച്ചത്.