കോഴിക്കോട്: വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കാൻ വിട്ടു കൊടുത്ത കെട്ടിടത്തിന് വാടകയില്ല. വില്ലേജ് ഓഫിസിന് മുമ്പില്‍ സമരമിരുന്ന് കുടുംബം. ഉള്ളിയേരി വില്ലേജ് ഓഫിസ് കെട്ടിടം ഉടമ കന്നൂര് പരക്കണ്ടി കാര്‍ത്യായനി, മകന്‍ നിജോഷ് എന്നിവരാണ് 26 മാസമായി മുടങ്ങിക്കിടക്കുന്ന വാടക കിട്ടാന്‍ സമരവുമായി രംഗത്തിറങ്ങിയത്.
നേരത്തെയുള്ള കെട്ടിടം പുതുക്കി പണിയുന്നതിന്‍റെ ഭാഗമായാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തനം അതിനടുത്തുതന്നെയുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ഇത്രനാളായിട്ടും വാടകയിനത്തില്‍ ഒരു രൂപ പോലും ലഭിച്ചില്ല. കൊയിലാണ്ടി തഹസില്‍ദാരെയടക്കം പലതവണ ബന്ധപ്പെട്ടിട്ടും വാടക തരാത്തതിന് കൃത്യമായ മറുപടിയില്ല.
ഇതോടെയാണ് വീട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്. രാവിലെ വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് സമര വിവരം അറിയുന്നത്. പിന്നീട് കൊയിലാണ്ടി താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ട ശേഷം അവിടെ നിന്നും ഹെഡ് ക്വാര്‍ട്ടര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ബിന്ദു, ഡെപ്യൂട്ടി തഹസില്‍ദാര്‍ യു കെ രവീന്ദ്രന്‍, സീനിയര്‍ ക്ലാര്‍ക്ക് എം കെ സുരേഷ് തുടങ്ങിയവരെത്തി വാടക നല്‍കുന്നതിനുള്ള ഉത്തരവ് കൈമാറിയ ശേഷമാണ് കുടുംബം സമരം അവസാനിപ്പിച്ചത്.
7,400 രൂപ തോതില്‍ മാസ വാടക കണക്കാക്കി 26 മാസത്തെ വാടക തെരഞ്ഞടുപ്പിനുശേഷം ഇവര്‍ക്ക് കൈമാറുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പണം കിട്ടാൻ പിന്നെയും വൈകിയാൽ അനിശ്ചിതകാല സമരമായിരിക്കും.
ALSO READ: കൈക്കൂലി വാങ്ങി: തൃശൂരിൽ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്റ്റന്‍റും അറസ്റ്റിൽ