തിരുവനന്തപുരം: നവകേരള സദസിലുണ്ടായ അക്രമങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ പൊലീസ് അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്. പരാതിയുമായി മുന്നോട്ടു പോകാന്‍ തക്ക കാരണങ്ങളുണ്ടോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളതെന്നും പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവതരിപ്പിച്ച സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും നാടിന്‍റെ ആവശ്യങ്ങളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്‌ത നവകേരള സദസ് ജനാധിപത്യ ഭരണ നിര്‍വഹണ ചരിത്രത്തിലെ സവിശേഷ അധ്യായമായാണ് മാറിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗത്തിലുള്ളവരുടെയും പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. നവകേരള സദസിനോട് അനുബന്ധിച്ചുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 2024 ഏപ്രില്‍ രണ്ടിന് ഒരു പരാതി ഫയല്‍ ചെയ്‌തിരുന്നു.
പരാതിയുമായി മുന്നോട്ടു പോകാന്‍ തക്ക കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സിആര്‍പിസി 202 ഉപ വകുപ്പ് 1 പ്രകാരം പൊലീസിനോട് കോടതി ഉത്തരവിട്ടിട്ടുള്ളത്. പഴയ ക്രിമിനല്‍ നിയമപ്രകാരം സ്വകാര്യ അന്യായത്തില്‍ പൊലീസ് അന്വേഷണം നടത്താന്‍ ഉത്തരവിടുന്നത് 156 ഉപ വകുപ്പ് 3 പ്രകാരമാണ്. കോടതി അത്തരം ഒരുത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി സതീശന് മറുപടി നല്‍കി.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ കോടതി ഉത്തരവ് പ്രകാരം അന്വേഷണം നടത്തണമെന്നും ഈ അന്വേഷണത്തില്‍ മുഖ്യമന്ത്രിയോ സംസ്ഥാന പൊലീസ് മേധാവിയോ ഇടപെടാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ അന്വേഷണം നടത്തിയപ്പോള്‍ മുട്ടുവിറച്ചു പോയ പൊലീസ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ തയ്യാറാകുമോ. ഇക്കാര്യത്തില്‍ നിഷ്‌പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സതീശന്‍ പറഞ്ഞു.
നവകേരള സദസിനിടെ കല്യാശേരിയില്‍ പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെ അന്നത്തെ കല്യാശേരി പൊലീസ് കേസെടുത്തു. കമ്പിവടി കൊണ്ടും ചെടിച്ചട്ടി കൊണ്ടും അടിച്ചവര്‍ക്കെതിരായാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. എന്നാല്‍ അത് വധശ്രമമല്ല, രക്ഷാപ്രവര്‍ത്തനമാണെന്നും ഇനിയും തുടരണമെന്നും കേരള മുഖ്യ പറയുകയുണ്ടായി.
അദ്ദേഹത്തിന്‍റെ ഈ പ്രസ്‌താവനയ്ക്കുശേഷം നവകേരള സദസ് തിരുവനന്തപുരത്ത് എത്തുന്നതുവരെ വ്യാപകമായ അക്രമമാണ് പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത്. സമാധാനപരമായി വഴിയരികില്‍ നിന്ന് കരിങ്കൊടി കാട്ടിയവരെ പോലും മര്‍ദിച്ചൊതുക്കി. ആലപ്പുഴയില്‍ നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് കസ്‌റ്റഡിയിലെടുത്ത ശേഷം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായി തല്ലി ചതച്ചതിനെതിരെ നല്‍കിയ കേസിന് തെളിവില്ലെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതച്ചത് കേരളം കണ്ടതാണ്. ഇതിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്‍റ് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.