തിരുവനന്തപുരം : യാഥാർഥ്യബോധമില്ലാതെ പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്‍റെ വിശ്വാസ്യതയും രാഷ്ട്രീയ വിമർശനങ്ങൾ നടത്തി ബജറ്റിന്‍റെ പവിത്രതയും നഷ്‌ടപ്പെടുത്തുകയാണ് ധനമന്ത്രി ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് കാർഷിക മേഖലയെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്‌തു. സിപിഎം 6000 കോടി തട്ടിപ്പാണെന്ന് വിമർശിച്ച വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് ബജറ്റിൽ മുഴുവൻ പറയുന്നത്. കുടിശ്ശികയെ തുടർന്ന് കാരുണ്യ കാർഡ് സ്വീകരിക്കേണ്ട എന്ന ആശുപത്രികളുടെ തീരുമാനം നിലനിൽക്കുമ്പോഴാണ് അതേ പ്രഖ്യാപനം. ഇത്തരത്തിൽ പരിതാപകരമായ ധനസ്ഥിതിയെ മറപിടിക്കാനുള്ള വാചകങ്ങൾ അടങ്ങിയതാണ് ബജറ്റെന്നും വി ഡി സതീശൻ വിമർശിച്ചു.
കേന്ദ്രം 57000 കോടി രൂപ നൽകാനുണ്ടെന്ന് ബജറ്റ് പ്രസംഗത്തിലും ധനമന്ത്രി ആവർത്തിക്കുകയാണ്. ഇതിന്‍റെ പൊള്ളത്തരം പലവട്ടം പ്രതിപക്ഷം തുറന്നുകാട്ടിയതാണ്. പത്താം ധനകാര്യ കമ്മീഷനുമായി പതിനഞ്ചാം ധനകാര്യ കമ്മീഷനെ താരതമ്യം ചെയ്‌താണ് വലിയ തുക കിട്ടാനുണ്ടെന്ന് ധനമന്ത്രി പറയുന്നത്. യഥാർഥത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷനെ താരതമ്യം ചെയ്യേണ്ടത് പതിനാലാം ധനകാര്യ കമ്മീഷനുമായാണ്. ജിഎസ്‌ടി നഷ്‌ട പരിഹാരത്തിന്‍റെ കാര്യത്തിലും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ജിഎസ്‌ടി നഷ്‌ട പരിഹാരം അഞ്ചുവർഷം എന്നത് പാർലമെന്‍റ് പാസാക്കിയ നിയമമാണ്. അഥവാ കേന്ദ്രം രണ്ടുവർഷം കൂടി ജി എസ് ടി നഷ്‌ടപരിഹാരം നൽകാൻ തീരുമാനിച്ചാൽ പോലും അത് കേരളത്തിന് കിട്ടില്ല. 14% ജിഎസ്‌ടി പിരിവുള്ള സംസ്ഥാനങ്ങൾക്കേ നഷ്‌ടപരിഹാരം ലഭിക്കുകയുള്ളൂ. കേരളത്തിന്‍റേത് 20% ആണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഏറ്റവും ഉയർന്ന റവന്യൂ കമ്മി ഗ്രാൻഡാണ് കേരളത്തിന് നൽകിയത്.
ഉമ്മൻചാണ്ടിയുടെ സമയത്ത് 9000 കോടിയാണ് ലഭിച്ചതെങ്കിൽ ഇപ്പോൾ ഏകദേശം 53000 കോടിയാണ് കിട്ടിയത്. ഈ തുക ആദ്യമേ വാങ്ങിയതിന് ശേഷം അടുത്ത വർഷം കിട്ടിയില്ലെന്ന് മന്ത്രി വിലപിക്കുകയാണ്. ധനമന്ത്രി കേന്ദ്രത്തിന് അയച്ച കത്ത് പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട കുടിശ്ശിക 3100 കോടി ആണെന്നും സതീശൻ ആരോപിച്ചു. റബറിന് 3 വർഷം കൊണ്ട് 10 രൂപയാണ് വർധിപ്പിച്ചത്. മുൻ വർഷങ്ങളിലെ 170 രൂപ തന്നെ കുടിശ്ശികയാണ്.
മുൻ വർഷങ്ങളിലെ പ്രഖ്യാപനങ്ങളിൽ 1% പോലും ചെലവാക്കാത്ത പാക്കേജുകൾ നിലനിൽക്കെയാണ് വീണ്ടും ജില്ലകൾക്കായി പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങളും അവയുടെ നടത്തിപ്പും പരിശോധിച്ചാൽ ഇത് മനസ്സിലാവും.
ഉച്ചഭക്ഷണ തുക, ക്ഷേമ പെൻഷൻ, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവയിൽ കയ്യടി വാങ്ങുമ്പോൾ അവയുടെ നിലവിലെ സ്ഥിതി കൂടി മനസ്സിലാക്കണം.
ടാക്‌സ് വർദ്ധനവിലൂടെ വരുമാനം വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ടാക്‌സ് വർദ്ധിപ്പിച്ചാൽ വിഭവസമാഹരണം നടക്കില്ല എന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഇന്ധന സെസ് വർദ്ധിപ്പിച്ചതിനുശേഷം ഇന്ധന ഉപഭോഗം കുറഞ്ഞിരുന്നു. സർക്കാർ 10% അധിക വരുമാനം മാത്രമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പിന്നെ എങ്ങനെ കേരളത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെടും. കേരളം കൂടുതൽ ധനപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന അപകടകരമായ സൂചനയാണ് ഇത്.
പ്രതിപക്ഷം പറയുന്ന ഉത്കണ്ഠകളെ സർക്കാർ കാറ്റിൽ പറത്തുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.