തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്‌തകത്തിൽ നിന്നും ബാബരി മസ്‌ജിദ് തകർക്കൽ വിഷയം ഉൾപ്പെട്ട ഭാഗം നീക്കിയ നടപടിയെ എതിർത്ത് കേരള സർക്കാർ. എൻസിഇആർടി പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ ബാബരി മസ്‌ജിദിനെ കുറിച്ച് ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒഴിവാക്കിയ ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിന് കരിക്കുലം കമ്മിറ്റി പരിശോധിച്ച് ലഭ്യമായ ഓപ്ഷനുകൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സപ്ലിമെന്‍ററി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തണോ അതോ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന പുതിയ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണോ എന്ന് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ പാഠപുസ്‌തകങ്ങൾ അടുത്ത അധ്യയന വർഷം മുതലായിരിക്കും വിദ്യാർഥികൾക്ക് നൽകുക.
ഈ സമയത്തിനുള്ളിൽ പുനഃപരിശോധന പൂർത്തിയാക്കാനാണ് കേരളം ആലോചിക്കുന്നത്. മുൻ വർഷങ്ങളിലും എൻസിഇആർടി ഒഴിവാക്കിയ ഗുജറാത്ത് കലാപം, മുഗൾ ചരിത്രം തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.