തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് (Police registered case Against SFI And KSU). കന്‍റോൺമെന്‍റ് പൊലീസാണ് ഇരു വിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ കേസെടുത്തത്. കെ എസ് യു പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് പല്ലിന് പരിക്ക് ഉണ്ടാക്കിയതിനുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആദർശ് ഉൾപ്പെടെയുള്ള ഏഴോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത് (Kerala University Arts Festival) . ഐപിസി (IPC) 1860 നിയമപ്രകാരം 143, 144, 147, 148, 149, 294 (B), 323, 324, 506 വകുപ്പുകൾ ചുമത്തിയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്.എഫ്.ഐ (SFI) പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
യുവജനോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനാണ് കെ.എസ്.യു ജില്ല പ്രസിഡന്‍റ് ഗോപു നെയ്യാർ അടക്കമുള്ള കെ എസ് യു (KSU) പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. കേരള സർവകലാശാല കലോത്സവത്തിനെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ് എഫ് ഐക്കാര്‍ മർദിച്ചുവെന്ന് ആരോപിച്ച് കലോത്സവ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി കെ എസ് യു ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. കലോത്സവം തുടങ്ങിയ നാൾ മുതൽ എസ് എഫ് ഐക്ക് യൂണിയൻ നഷ്‌ടമായ കോളജുകളിലെ തങ്ങളുടെ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയാണെന്ന് കെ എസ് യു ആരോപിച്ചു.
വേദിയിൽ ഒപ്പന മത്സരം നടക്കുമ്പോഴാണ് കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായെത്തി തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്ന് പൊലീസ് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ വേദിക്ക് സമീപം കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഒരു വിഭാഗം, മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കെ എസ് യു ആരോപിച്ചു. കെ എസ് യു പ്രവർത്തകർ പ്രതിഷേധിക്കുമ്പോൾ എസ് എഫ് ഐ പ്രവർത്തകരും മുദ്രാവാക്യം വിളികളുമായെത്തി.
ഇരു കൂട്ടരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം മൂലം മത്സരങ്ങൾ തടസപ്പെട്ടതോടെ മത്സരാർഥികളും പ്രതിഷേധിച്ചു. എന്നാൽ സംഘർഷ സാധ്യതയ്ക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. പിരിഞ്ഞുപോകാത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു.