പത്തനംതിട്ട : കെ പി റോഡിൽ ഏഴംകുളം പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി രണ്ടുപേർ മരിച്ച വാഹനാപകടത്തിൽ ദുരൂഹത. കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് തുമ്പമൺ നോർത്ത് ജിഎച്ച്എസ് സ്‌കൂളിലെ അധ്യാപിക നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് ടൂര്‍ കഴിഞ്ഞ് മടങ്ങിവരുമ്പോൾ അനുജയെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് സുഹൃത്ത് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വാഹനം തടഞ്ഞ് അനുജയെ കൂട്ടികൊണ്ടു പോകുമ്പോൾ അസ്വാഭാവികത തോന്നിയില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്.
അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കാര്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
കെ പി റോഡിൽ പട്ടാഴിമുക്കിൽ വ്യാഴാഴ്‌ച രാത്രി 11 മണിക്ക് ശേഷമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. വിവരം അറിഞ്ഞ് അടൂർ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.