എറണാകുളം : സുപ്രീം കോടതിയുടെ പേര് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ കൊച്ചിയിൽ രണ്ട് പേർ അറസ്‌റ്റിലായി. കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33) എന്നിവരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് ടീം പിടികൂടിയത്. സുപ്രീം കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ആലുവ സ്വദേശിയായ 62 കാരനിൽ നിന്ന് പ്രതികൾ ഒരു കോടി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.
മൊബൈൽ ഫോണിലെ സിം നാല് മണിക്കൂറിനുള്ളിൽ കട്ടാകുമെന്ന സന്ദേശം വന്നതായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ഈ നമ്പറിന്‍റെ ഉടമയുടെ പേരിൽ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഈ നമ്പർ ഓൺലൈൻ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരനെ തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ മുംബൈ പോലീസ് റെയ്‌ഡ് ചെയ്‌ത് പിടിച്ചെടുത്ത 245 എടിഎം കാർഡുകളിൽ പരാതിക്കാരന്‍റെ ആധാർ ലിങ്ക് ചെയ്‌ത ഒരു എടിഎം കാർഡ് ഉണ്ടെന്നും സംഘം വിശ്വസിപ്പിച്ചു. ഇതിന്‍റെ പേരിൽ സുപ്രീം കോടതി രണ്ട് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും തട്ടിപ്പിനിരയായ ആളോട് പറഞ്ഞു.
കോടതിയുമായി ബന്ധമുള്ള ആളാണെന്ന വ്യാജേന ഒരാൾ സ്കൈപ്പ് വഴി സംസാരിക്കുകയും നിരവധി വ്യാജ നോട്ടീസുകളും പേപ്പറുകളും പരാതിരക്കാരനെ കാണിക്കുകയും ചെയ്‌തു. കേസ് ഫ്രീസ് ചെയ്യുന്നതിന് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് തിരികെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യക്തി ആറു പ്രാവശ്യമായി 5 അക്കൗണ്ടുകളിലേക്ക് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ നൽകിയത്.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പാണെന്ന് മനസിലാക്കിയ 63 കാരൻ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകി. എസ്‌പിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് രണ്ട് പ്രതികളെയും പിടികൂടിയത്. വൻ തട്ടിപ്പ് സംഘമാണ് ഇതിന്‍റെ പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. നിരവധി പേരിൽ നിന്നും പ്രതികൾ ഉൾപ്പെടുന്ന സംഘം കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. പിടിയിലായ അശ്വിന്‍റെ പേരിലുള്ള അക്കൗണ്ടിന്‍റെ പൂർണ നിയന്ത്രണം പതിനയ്യായിരം രൂപയ്ക്ക് തട്ടിപ്പ് സംഘത്തിന് കൈമാറുകയായിരുന്നു. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്.
ആലുവ സ്വദേശി പണം നൽകിയ അഞ്ച് അക്കൗണ്ടുകളിലൊന്ന് അതുലിന്‍റെതാണന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്പെക്‌ടര്‍ വിപിൻ ദാസ്, സബ് ഇൻസ്പെക്‌ടര്‍ ആർ അജിത് കുമാർ, എഎസ്ഐ ആർ ഡെൽജിത്ത്, സിനിയർ സിപിഒമാരായ വികാസ് മണി, പി എസ് ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്‌ണന്‍, രാഹുൽ കെ ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Also Read: 5-ജി സ്‌പീഡിൽ ടെലഗ്രാം വഴി ഓൺലൈൻ തട്ടിപ്പ്; ഗോൾഡൻ ഹവർ നിർണായകമെന്ന് പൊലീസ്
പൊലീസ് മുന്നറിയിപ്പ്: പല രൂപത്തിൽ പണമാവശ്യപ്പെട്ട് വരുന്ന ഒൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുത്. സത്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കഥകളുണ്ടാക്കി സാധാരണക്കാരെ വിശ്വസിപ്പിച്ചാണ് ഇത്തരം സംഘങ്ങൾ പണം തട്ടിയെടുക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, വൺ ടൈം പാസ് വേഡോ മറ്റുള്ളവർക്ക് കൈമാറരുത്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും
പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.