കോട്ടയം: ചങ്ങനാശേരിയിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിനു മുകളിലേക്ക് മരം വീണ് കാർ പൂർണമായും തകർന്നു. ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫിസിന് മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരമാണ് ശക്തമായ കാറ്റിനെ തുടർന്ന് കടപുഴകി വീണത്. കാറിനുള്ളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ.
ഇന്ന് (ജൂൺ 24) ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. റോഡരികിലെ വൈദ്യുത പോസ്റ്റും തകർത്തുകൊണ്ടാണ് മരം കാറിനു മുകളിലേക്ക് വീണത്. പോസ്റ്റും ലൈൻ കമ്പികളുമടക്കം കാറിന് മുകളിലേക്ക് പതിച്ചു.
കാറിൽ ഉണ്ടായിരുന്നവർ വില്ലേജ് ഓഫിസിനുള്ളിൽ കയറിയതിന് ശേഷമാണ് മരം കടപുഴകി കാറിന് മുകളിലേക്ക് പതിച്ചത്. മരത്തിൻ്റെ ശിഖിരം എംസി റോഡ് ഭാഗത്തേക്ക് വീണതിനാൽ ഗതാഗത തടസമുണ്ടായി.
തുടർന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. കാർ പൂർണമായും തകർന്നിട്ടുണ്ട്. മരം മുറിച്ചു മാറ്റിയശേഷം കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്‌ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.