കണ്ണൂര്‍: മാഹിയിൽ തദ്ദേശഭരണസംവിധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാകുന്നു. മാഹി റെസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്‌മയായ ജോയിന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച സമരമാണ് ഇപ്പോൾ വലിയ പ്രതിഷേധമായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മാഹിയിലെ വ്യാപാരികള്‍ സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഉദ്യോഗസ്ഥഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാഹിയില്‍ പ്രാദേശിക ഭരണസംവിധാനം നിലച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. യഥാസമയം തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ത്രിതലഭരണസംവിധാനത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഒരു ആനുകൂല്യവും മാഹിക്ക് ലഭിക്കുന്നില്ല. ഇനി എന്ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പുതുച്ചേരി സര്‍ക്കാരും വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്.
ഉദ്യോഗസ്ഥ ഭരണത്തില്‍ മാഹി കുത്തഴിഞ്ഞു കിടക്കുകയാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. എഴുപത് പേര്‍ ജോലി ചെയ്തിരുന്ന മാഹി നഗരസഭയിൽ ഇന്നുള്ളത് ഇരുപത്തിനാല് പേര്‍ മാത്രമാണ്. നഗരസഭാ കമ്മീഷണറും കൗണ്‍സിലും ഇല്ലാതായതോടെ മാഹി റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയിലാണ് നഗരഭരണം.
ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍, ഇലക്ട്രീഷന്‍ ഉൾപ്പെടെ പല തസ്‌തികകളും ഒഴിഞ്ഞ് കിടക്കുന്നതും മതിയായ ഉദ്യോഗസ്ഥരില്ലാത്തതും ഭരണസംവിധാനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതുച്ചേരിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഭരണം കയ്യാളുകയാണെന്നാണ് സമരക്കാർ ഉന്നയിക്കുന്ന ആരോപണം.
വ്യാപാരികളുടെ സിവിൽ സ്‌റ്റേഷൻ മാർച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ചെയര്‍മാന്‍ കെ.കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി വൈസ് ചെയര്‍മാന്‍ ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പയറ്റ അരവിന്ദന്‍, കെ.കെ. ശ്രീജിത്ത്, ഷാജു കാനത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി