ഇടുക്കി: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കാട്ടാനകളെ പ്രകോപിപ്പിക്കുന്നത് പതിവാകുന്നു. സെവന്‍മല എസ്റ്റേറ്റില്‍ കാട്ടാനയുടെ തൊട്ടടുത്ത് നിന്ന് യുവാവിന്‍റെ ഫോട്ടോഷൂട്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തം.
കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് അവയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം. ഫോട്ടോയെടുപ്പും ആനയുടെ പോസുമെല്ലാം സമൂഹ മാധ്യങ്ങളിലൂടെ വൈറൽ ആയെങ്കിലും ഈ ദൃശ്യങ്ങൾ തികച്ചും ആപത്കരമായി മാറുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് തേയിലക്കാട്ടിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് അരികിൽ ചെന്ന് യുവാവിൻ്റെ ഫോട്ടോയെടുപ്പ്.
സെവൻമല എസ്‌റ്റേറ്റ് ഓൾഡ് മൂന്നാർ ഡിവിഷനിൽ ഫീൽഡ് നമ്പർ 53 ലായിരുന്നു സംഭവം. ജനവാസ മേഖലകളിലെ ആനകളുടെ സാന്നിധ്യം അടിക്കടി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ആനകളെ പിന്തുടരുക, തൊട്ടടുത്ത് ചെന്ന് ഫോട്ടോ എടുക്കുക, വാഹനങ്ങളിൽ എത്തി ഹോൺ മുഴക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെടുന്നത്.
പ്രകോപിതരാകുന്ന ആനകളുടെ ആക്രമണത്തിൽ നിന്ന് ഇത്തരക്കാർ രക്ഷപ്പെടുമെങ്കിലും അതിന് പിന്നാലെ എത്തുന്നവരോ, സംഭവത്തിൽ യാതൊരു വിധ ബന്ധവുമില്ലാത്തവരോ ആയിരിക്കും ആക്രമണത്തിന് ഇരയാകുന്നത്. ഇക്കൂട്ടരെ തടയുവാന്‍ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതുകൂടാതെ അനധികൃത ട്രക്കിങ്, ആനകളെ അലോസരപ്പെടുത്തുന്ന വിധത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകകള്‍ ഘടിപ്പിച്ച വാഹനങ്ങളിലുള്ള രാത്രി കാല ജംഗിൾ സഫാരി എന്നിവയ്‌ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകുമെന്നും പ്രദേശവാസികള്‍ ഓര്‍മിപ്പിച്ചു.