വയനാട് : പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം (Tiger attack Pulpally Wayanad). ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്‌ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു.
പശുവിനെയും കടിച്ചെടുത്ത കടുവ ചാണക കുഴിയില്‍ വീണു. ആളുകൾ ബഹളം വച്ചതോടെ കടുവ തോട്ടത്തിലേക്ക് ഓടിപ്പോയി. കടുവയുടെ കാല്‍പാടുകള്‍ സമീപത്ത് പതിഞ്ഞിട്ടുണ്ട്. ഈ വീടിന്‍റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കടിച്ച് കൊന്നത്.
ഇന്നലെ രാത്രി വാഴയില്‍ അനീഷ് എന്ന പ്രദേശവാസി കടുവയ്ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബൈക്കില്‍ പോകുമ്പോള്‍ കടുവ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുകയാണ് (Wild animal attacks in Wayanad). കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായ പോള്‍ കൊല്ലപ്പെട്ടിരുന്നു. 20 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളായിരുന്നു പോള്‍. ഫെബ്രുവരി 16ന് പുല്‍പ്പള്ളിയില്‍ വച്ച് ആന ആക്രമിച്ച പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാരുന്നു.
വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ പോള്‍ മരണത്തിന് കീഴടങ്ങി. പോളിന്‍റെ മരണത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടന്നത്. ഇന്നലെ (ഫെബ്രുവരി 17) ജില്ലയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരുന്നു.
പോളിന്‍റെ മൃതദേഹവുമായും നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതിനിടെ വനംവകുപ്പിന്‍റെ വാഹനം തകര്‍ക്കുകയും കടുവ കടിച്ച് കൊന്ന കാളയുടെ ജഡം വാഹനത്തിന് മുന്നില്‍ വച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. അതേസമയം വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും.
പോളിന്‍റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിക്കും. വാരണാസിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് രാഹുല്‍ ദുരന്തത്തെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ തന്നെ യാത്ര നിര്‍ത്തി വച്ച് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ ഡിസിസി അധ്യക്ഷന്‍ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സ്വീകരിച്ചു. ഇന്നലെ കണ്ണൂരില്‍ തങ്ങിയ രാഹുല്‍ ഇന്ന് രാവിലെ തന്നെ റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കുകയാകും എംപി ആദ്യം ചെയ്യുക.