തൃശൂർ : ഈ വർഷത്തെ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾക്ക് തുടക്കമായി. പൂരത്തിന്‍റെ പ്രധാന ചടങ്ങായ വിളംബരം നടന്നതോടെ തൃശൂർ പൂര ലഹരിയിലായി. നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു. ശേഷം നിലപാട് തറയിലെത്തി പൂര വിളംബരം നടത്തി.
ഇതോടെയാണ് പൂരത്തിന്‍റെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 8 മണിയോടെയാണ് കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽ നിന്ന് നെയ്‌തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചത്. മേളത്തിന്‍റെ അകമ്പടിയോടെ ആയിരുന്നു എഴുന്നള്ളിപ്പ്. തുടർന്ന് നഗരത്തിൽ എത്തിയ ശേഷം വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകയറിയാണ് തെക്കേ നട തുറന്നത്.
ആയിരങ്ങൾ കാത്തിരിക്കുന്ന തൃശൂർ പൂരം നാളെയാണ്. പൂരത്തിന്‍റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്നലെ നടന്നിരുന്നു. പൂരത്തിന്‍റെ ഭാഗമായി നഗരം കനത്ത സുരക്ഷാവലയത്തിലാണ്.