തൃശൂർ: പൂരാവേശത്തില്‍ ശക്തന്‍റെ തട്ടകം. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പൂരത്തിന് ഇന്നലെ തിരി തെളിഞ്ഞു. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കാണാനുള്ള ആവേശത്തിലാണ് പൂരപ്രേമികള്‍.
ആവേശം കൊടുമുടി കയറ്റി തേക്കിൻകാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകൾക്കും മേളങ്ങൾക്കുമൊപ്പം വൻ ജനാവലിയാകും ഉണ്ടാകുക. കൊട്ടും കുരവയുമായി നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ അടഞ്ഞു കിടന്ന തെക്കേ ഗോപുരവാതിൽ ഇന്നലെ (ഏപ്രിൽ 18) രാവിലെ തുറന്നതോടെ പൂരവിളമ്പരമായി. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകയറിയാണ് തെക്കേനട തുറന്നത്.
രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്‌താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്‌താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തിയതോടെ തൃശൂർ പൂര ചടങ്ങിന് തുടക്കമായി. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിധിയിലേക്കെത്തും.
പൂരദിനത്തിൽ എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നും ആദ്യമെത്തുന്നത് കണിമംഗലം ശാസ്‌താവാണ്. ഐതിഹ്യപ്രകാരം വടക്കുംനാഥനെക്കാൾ പ്രായമുള്ളതിനാൽ കണിമംഗലം ശാസ്‌താവ് വെയിലും മഴയും ഏൽക്കാതെ നേരത്തെ എത്തി തെക്കേ ഗോപുരനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ് എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തുകയായി.
ഇന്ന് (ഏപ്രിൽ 19) രാവിലെ എഴുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടോടെയാണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. രാവിലെ 11:30ന് തിരുവമ്പാടിയുടെ മഠത്തിൽ വരവ് നടക്കും.
12:15നാണ് പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ഇലഞ്ഞിത്തറമേളവും 2:30ന് ശ്രീമൂലസ്ഥാനത്തെ മേളവും നടക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലാണ് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറമേളം നടക്കുന്നത്. 50 ഓളം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തിൽ പങ്കെടുക്കുക. അഞ്ചിന് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷന് മുന്നിലെ രാജാവിന്‍റെ പ്രതിമ വലം വച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളുമ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും.
പഞ്ചവാദ്യവും, പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കും എന്ന കാര്യത്തിൽ സംശയമില്ല. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് (ഏപ്രിൽ 20) അടുത്ത പൂരത്തിന്‍റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.
പൂര ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണിനിരത്തി പരസ്‌പരം മത്സരിക്കുന്ന കാഴ്‌ച. മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം കാണാൻ തന്നെയാണ് ഭക്തർ ഏറെ കാത്തിരിക്കുന്നതും. ഇതിന് ശേഷം പുലർച്ചെ മൂന്ന് മണിക്കാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ട് നടക്കുക.
ചരിത്രത്തിൽ ആദ്യമായി ഇത്തവണത്തെ തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് ചുമതല നൽകിയിട്ടുള്ളത് ഒരാൾക്കാണ്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും വെടിക്കെട്ട് ചുമതല നിർവഹിക്കുക. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് ചുമതല സതീശനായിരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ട തൃശൂർ പൂരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു വിഭാഗങ്ങളുടെ വെടിക്കെട്ടുചുമതല ഒരാൾക്ക് മാത്രമായി നൽകുന്നത്.
തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 വെള്ളിയാഴ്‌ച തൃശൂർ താലൂക്കുപരിധിയിൽ ഉൾപ്പെടുന്ന എല്ല സർക്കാർ ഓഫിസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ല കലക്‌ടറാണ് അവധി സംബന്ധിച്ച നിർദേശം നൽകിയത്. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര - സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും പ്രാദേശിക അവധി ബാധകമല്ല.
ALSO READ : പൂര ലഹരിയിൽ തൃശൂർ ; വിളംബരത്തോടെ ചടങ്ങുകൾക്ക് തുടക്കം, ആവേശത്തേരില്‍ ആയിരങ്ങൾ